അസീസിയിലെ ഫ്രാന്‍സീസിനെപ്പോലെ….

0

 

 

ശശി കടപ്പൂര്‍

 സൈക്കിള്‍ യാത്രയിലൂടെ ജനങ്ങളെയുണര്‍ത്തുകയും
പ്രകൃതിയെ പ്രണയിക്കുകയും പ്രകൃതിസ്‌നേഹം പ്രചരിപ്പിക്കുകയും
ചെയ്യുന്ന ചെറുവത്തൂരിലെ സൈക്കിള്‍ ഫ്രാന്‍സിസ് എന്നറിയപ്പെടുന്ന 

പ്രകൃതിസ്‌നേഹിയുമായി ശശി കടപ്പൂര്‍ നടത്തിയ സംഭാഷണം

DSC07738

 

 

 

ഗ്രാമവീഥിയിലൂടെ ഒരു യാത്രയിലായിരുന്നു സാത്വികനായ ആ സന്യാസി. രാത്രി ഏറെ വൈകിയിരുന്നു. ഗ്രാമവാസികള്‍ പലരും ഉറക്കംപിടിച്ചിരുന്നു. ആകാശത്ത് ചിരിതൂകി നില്‍ക്കുന്ന ചന്ദ്രബിംബം. ഭൂമിയാകെ നിലാവില്‍ കുളിച്ച് നില്‍ക്കുന്നു. വൃക്ഷത്തലപ്പുകളില്‍ ഹിമകണങ്ങള്‍ തുളുമ്പി നില്‍ക്കു ന്നു. ഇടക്കെപ്പോഴോ കാട്ടുപൂക്കളുടെ സുഗന്ധവും പേറി കുളിര്‍തെന്നല്‍ ആത്മാവിനെ തഴുകി കടന്ന് പോകുന്നു. പ്രകൃതിയുടെ ഈ മുഗ്ദഭാവത്തില്‍ മതിമറന്ന സന്യാസിവര്യന്‍- അടുത്തുകണ്ട പള്ളിയില്‍ കയറി കൂട്ടമണിയടിച്ച് ഗ്രാമീണരെ ഉണര്‍ത്തി. പള്ളിമുറ്റത്ത് ഓടിയെത്തി കാര്യം ആരാഞ്ഞ ഗ്രാമീണരോട് അദ്ദേഹം പറഞ്ഞു- കഷ്ടം ഇത്രയും ചാരുതയാര്‍ന്ന ഈ പ്രകൃതിഭംഗി ആസ്വദിക്കാതെ നിങ്ങള്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങുന്നുവോ? ഈ ലാവണ്യഭാവത്തെ കണ്‍നിറയെ കണ്ടും- മനം നിറയെ അനുഭവിച്ചും പ്രകൃതിയോട് പ്രണയപൂരിതമാവുക. ഉറക്കത്തില്‍നിന്നും മനുഷ്യനെ ഉണര്‍ച്ചയിലെത്തിക്കുന്ന ഈ വാക്കുകള്‍ അസീസിയിലെ വിശുദ്ധനായ സെന്റ്ഫ്രാന്‍സിസിന്റെതാണ്.
ഇതേപോലെ ഒരു ഫ്രാന്‍സിസ് നമുക്കി ടയിലുമുണ്ട്. സൈക്കിള്‍ ഫ്രാന്‍സിസ് എന്നറിയപ്പെടുന്ന ഈ പ്രകൃതിസ്‌നേഹി തന്റെ സൈക്കിള്‍ യാത്രയിലൂടെ ജനങ്ങളെയുണര്‍ത്തുകയും പ്രകൃതിയെ പ്രണയിക്കുകയും പ്രകൃതി സ്‌നേഹം പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് നമ്മോടൊപ്പം ജീവിക്കുന്നു.
തൃശ്ശൂര്‍ ജില്ലയില്‍ ചെറുവത്തൂര്‍ ദേവസിയുടെ മകന്‍ സി.ഡി. ഫ്രാന്‍സിസ് സൈക്കിള്‍ ഫ്രാന്‍സിസ് ആയതിന് പിന്നില്‍ കാര്യങ്ങളേറെയുണ്ട്.
ചോ: അതേക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?
ഉ:വളരെ ചെറുപ്പം മുതലേ സൈക്കിള്‍ എനിക്കൊരു ലഹരി യായിരുന്നു. ആദ്യമായി ഒരു സൈക്കിള്‍ തൊട്ടതിനുള്ള ശിക്ഷ ഒരടിയായിരുന്നെന്ന കാര്യം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ പിന്നീട് ഞാന്‍ തൊട്ട ആ സൈക്കിള്‍ തന്നെ അതിന്റെ ഉടമയില്‍നിന്നു സ്വന്തമാക്കാനുമായി എന്നത് മറ്റൊരു കാര്യം. ഒരു കാലത്ത് പത്രക്കാരനും പാല്‍ക്കാ രനും പച്ചക്കറിക്കാരനുമെല്ലാം നമ്മെ പ്രഭാതത്തിലേക്ക് വിളിച്ചുണര്‍ത്തുന്നത് സൈക്കിള്‍ മണിയിലൂടെയായിരുന്നല്ലോ? ഈ മണിയൊച്ച കേള്‍ക്കാത്ത ഗ്രാമവീഥികള്‍ അന്നിവിടെ ചുരുക്കമായിരുന്നു. സ്‌കൂള്‍ അവധിക്ക് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുക ഒരു പ്രധാനകാര്യമായിരുന്നു. പഠിച്ചവരാകട്ടെ വാടകവണ്ടി യില്‍ കറങ്ങിനടന്ന് അവധിക്കാലം ആഘോഷിക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ ഈ ഇരുചക്ര വാഹനം നമ്മുടെ കൗമാരകാലത്തിലേക്ക് പലരീതിയില്‍ പടര്‍ന്നു കയറിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ എങ്ങനെയോ ഞാനും സൈക്കി ളുമായി പ്രണയത്തിലായി.
ചോ: ഈ പ്രണയത്തിന്റെ ഭാഗമായുണ്ടായ ഗതിവിഗതികള്‍ എന്തൊക്കെയായിരുന്നു?
ഉ: എന്റെ ചിന്തകള്‍ക്ക് ചിറക് മുളച്ചത് ഒരു പക്ഷേ ഈ സൈക്കിള്‍ യാത്രയിലൂടെയായിരുന്നു. ഭാരരഹിതമായ ഈ സഞ്ചാരം ഭാരരഹിതമായ ജീവിതവീക്ഷണത്തിലേക്ക് എന്നെ ആനയിച്ചു. പരിചിതമല്ലാത്ത സ്ഥല രാശികളിലൂടെ, വിസ്മയാവഹമായ പ്രകൃതിഭംഗികളിലൂടെ, തീക്ഷ്ണമായ ജീവിതപരിസരങ്ങളിലൂടെ കടന്ന് പോകാന്‍ സൈക്കിള്‍ എന്ന ഈ നിശ്ശബ്ദ കൂട്ടാളി എന്നെ ഏറെ സഹായിച്ചു. വളര്‍ച്ചയുടെ വഴികളില്‍ എല്ലാവരും പഴയതൊക്കെ ഉപേക്ഷിക്കുകയും പുതിയതിനെ സ്വീകരിക്കുകയും ചെയ്തപ്പോള്‍ എന്തോ എനിക്കതിനായില്ല. ലഘുവേഗ കാളവണ്ടിയില്‍ നിന്നും അതിവേഗ റോക്കറ്റിലേക്കുള്ള മനുഷ്യന്റെ അന്തംവിട്ടുള്ള പ്രയാണം നാശത്തിലേക്കുള്ളതാണെന്ന് എനിക്ക് തോന്നി.
ചോ: എന്താണങ്ങിനെ തോന്നാന്‍?
ഉത്തരം: നിത്യേനയുള്ള കാഴ്ചകളും അനുഭവങ്ങളും അതാണല്ലോ നമുക്ക് നല്‍കുന്ന സന്ദേശം. അന്തരീക്ഷ മലിനീകരണം, അപകടവാര്‍ത്തകള്‍, ഗതാഗതക്കു രുക്കുകള്‍, ഇന്ധന ദൗര്‍ലഭ്യം, നടപ്പാതകളുടെ ശോഷണം തുടങ്ങി എത്രയോ വിഷമസന്ധികളെയാണ് ഈ തലതിരിഞ്ഞ വികസനം അനുബന്ധമായി സൃഷ്ടിച്ചത്.
ചോ: അപ്പോള്‍ മോട്ടോര്‍ വാഹനങ്ങള്‍ വേണ്ടെന്നാണോ?
ഉ: ഞാന്‍ മോട്ടോര്‍ വാഹനങ്ങള്‍ക്കെതിരല്ല. ഞാനത് ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ഏതൊന്നുപയോഗിക്കുമ്പോഴും അത് സന്ദര്‍ഭോചിതവും പ്രസക്തവുമായിരിക്കണം. ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞു കൊണ്ടായിരിക്കണം. വാഹനങ്ങള്‍ പെരുകുകയും സ്ഥലസൗകര്യം പെരുകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, ദൂരമെത്ര ചെറുതായാലും ആവശ്യമെത്ര ലഘുവായാലും അതിനെല്ലാം മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ശീലം, ഇവയെല്ലാം പരിശോധിക്കപ്പെടണം. പത്രം വാങ്ങാനും പാല്‍ വാങ്ങാനുമെല്ലാം കാറുമായി നിരത്തിലിറങ്ങുന്ന പൊങ്ങച്ച സംസ്‌കാരമാണ് നമ്മുടേത്. ഇതു സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ എത്രയെന്ന് ചിന്തിക്കുവാന്‍ ആരും തയ്യാറല്ല. നമ്മുടെ വിദ്യാര്‍ത്ഥിസമൂഹം മാത്രം ശ്രദ്ധിച്ചാല്‍ നല്ലൊരു ശതമാനം അന്തരീക്ഷമലിനീകരണവും ഇന്ധന ദൗര്‍ലഭ്യവും തടയാനാവും. ഇവര്‍ സൈക്കിള്‍ വാഹനമായി ഉപയോഗിക്കുകയും അതിനു പറ്റിയ ദൂരപരിധിയില്‍ പഠനനിര്‍വ്വഹണം നടത്തുകയും ചെയ്യണമെന്ന കര്‍ശന വ്യവസ്ഥയുണ്ടാകണം. ഇതു തിരിച്ചറിഞ്ഞ ചിലരെങ്കിലും ഇവിടെയുണ്ടെന്നുള്ളത് ആശാവഹമാണ്. കാസര്‍ഗോഡ് ഉദിന്നൂര്‍ സ്‌കൂളില്‍ 1500-ഓളം കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരാണ്. എത്രയോ വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ നിത്യസവാരിക്കുള്ള വാഹനമായി ഉപയോഗിച്ചു കഴിഞ്ഞു. കാല്‍നടയാത്രികരെയും സൈക്കിള്‍സഞ്ചാരികളെയും ആദരിക്കുന്ന വലിയൊരു സംസ്‌ക്കാരം തന്നെ യൂറോപ്യന്‍ നാടുകളില്‍ നിലവിലുണ്ട്.
ചോ: ഈയൊരു സംസ്‌ക്കാരം, അതിന്റെ ഗുണഫലങ്ങള്‍ എന്തൊക്കെയാണ്?
ഉ: ആരോഗ്യരക്ഷ, പ്രകൃതിപരിപാലനം, ഊര്‍ജ്ജസംരക്ഷണം ഇവയൊക്കെ ഈ സംസ്‌ക്കാരത്തിന്റെ ഗുണഫലങ്ങളാണ്. നമ്മുടെ ശരീരത്തിന് ഇത്രയും നല്ലൊരു വ്യായാമമുറ വേറെയുണ്ടാവില്ല. ഇത് ഹൃദയത്തിനും മാംസപേശികള്‍ക്കും അസ്ഥികള്‍ക്കുമെല്ലാം നല്ല ഉറപ്പും ഉന്മേഷവും നല്‍കുന്നു. എന്റെ അനുഭവം തന്നെ ഇതിനു തെളിവായി പറയാം. 2004- ല്‍ ഒരപകടത്തില്‍ എന്റെ സ്‌പൈനല്‍ ഡിസ്‌ക്കിന് ചതവു സംഭവിച്ചു. ഒരു വശം ഏതാണ്ട് തളര്‍ച്ചയുടെ വക്കില്‍ എത്തിയ എനിക്ക് ചികിത്സയായി നിശ്ചയിച്ച രണ്ടു കാര്യങ്ങളില്‍ ഒന്ന് സൈക്കിളിങ്ങും മറ്റൊന്ന് നീന്തലുമായിരുന്നു. ഏതാണ്ട് 5 മാസത്തെ സാവകാശമുള്ള സൈക്കിള്‍ സവാരിയിലൂടെ എനിക്കെന്റെ ശാരീരിക അവശതകളെ തരണം ചെയ്യാനും പൂര്‍ണ്ണാരോഗ്യത്തിലേക്ക് എത്തുവാനുമായി. എന്നെ സംബന്ധിച്ച് ഈ അനുഭവം വലിയൊരു ആരോഗ്യപരിസ്ഥിതി ദര്‍ശനമായിമാറി.
ചോ: പിന്നീടുള്ള സൈക്കിള്‍ യാത്രകളെക്കുറിച്ച്….
ഉ: ഒരു ദിവസം 5 കിലോമീറ്റര്‍ എന്ന ദൂരം 100 കിലോ മീറ്റര്‍ എന്നതിലേക്ക് വികസിപ്പിച്ചുകൊണ്ട് ഞാന്‍ ദൂരയാത്രകളാരംഭിച്ചു. 2010 ല്‍ ലോക കാര്‍ രഹിത ദിനത്തോടനുബന്ധിച്ച് ( ണീൃഹറ രമൃ ളൃലല റമ്യ) സംസ്ഥാന എനര്‍ജി കണ്‍സര്‍വേറ്റീവ് സൊസൈറ്റി (ഋ ഇ ട ) കോഴിക്കോടു മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച സൈക്കിള്‍ റാലിയില്‍ ഞാന്‍ പങ്കാളിയായി. ഇ സി എസ് സംസ്ഥാന സെക്രട്ടറി കെ സോമന്‍ നയിച്ച ഈ റാലിയില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ജോസ് തെറ്റയില്‍ പങ്കെടുത്തിരുന്നു. 2011 ല്‍ ദേശീയ സൈക്കിള്‍ ദിനത്തില്‍ (ചമശേീിമഹ ര്യരഹല റമ്യ) കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 657 കി.മി. 35 മണിക്കൂര്‍ 20 മിനുറ്റുകൊണ്ട് സൈക്കിള്‍ യാത്രയിലൂടെ തരണം ചെയ്യാന്‍ എനിക്കായി. ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഈ യാത്രയില്‍ വി.എസ്.എസ്.സിയിലെ ഫോര്‍മര്‍ അസോസിയേറ്റ് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. വി. ആദിമൂര്‍ത്തിയും പങ്കെടുത്തിരുന്നു. 2012 ല്‍ രാജ്യാന്തര പര്‍വ്വതാരോഹണ സൈക്കി ളിങ്ങ് മല്‍സരത്തിന്റെ മുന്നോടിയായി ബേക്കല്‍കോട്ട മുതല്‍ തിരുവനന്തപുരം വരെ നടന്ന റാലിയില്‍ എനിക്ക് പങ്കെടുക്കാനായി. ഈ യാത്ര സംഘടിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്നതും ഇവിടെ ശ്രദ്ധേയമാവുന്നു. വൈദ്യുതി വകുപ്പ് സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ ഒട്ടേറെ ഊര്‍ജ്ജ സംരക്ഷണ സന്ദേശയാത്രകളില്‍ ഞാന്‍ പങ്കാളിയാവുന്നു.
ചോ: എപ്പോഴാണ് തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം സംഘടിപ്പിച്ച സൈക്കിള്‍ യാത്രയില്‍ അണിചേര്‍ന്നത്?
ഉ: 2004-ല്‍ ചില്ല പ്രകാശ് എന്നറിയപ്പെടുന്ന എന്റെ ഗുരുതുല്യനായ സുഹൃത്ത് പ്രകാശ് പി ഗോപിനാഥില്‍ നിന്നാണ് ഡോ.പി.എ. രാധാകൃഷ്ണനെയും അദ്ദേഹം എല്ലാ വര്‍ഷവും നടത്തുന്ന സൈക്കിള്‍ യാത്രയെക്കുറിച്ചും അറിയാനിടവന്നത്. അങ്ങിനെ 2011 ല്‍ അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നു. മാത്രമല്ല ഈ ചികിത്സാലയത്തില്‍ 7 ദിവസം താമസിച്ചുകൊണ്ട് ഉപവാസത്തിന്റെ പ്രാധാന്യമെന്തെന്നും ശരീരമെങ്ങനെയാണ് സ്വയം നവീകരണത്തിന് വിധേയമാകുന്നതെന്നും മനിലാക്കുകയും ചെയ്തു..
ചോ: ഈ യാത്രയിലൊക്കെ കുടുംബത്തിന്റെ പങ്കാളിത്തം എങ്ങനെയായിരുന്നു?
ഉ: സൈക്കിള്‍ യാത്ര അറിയാവുന്ന ഒരു പങ്കാളിയാവണം ജീവിതത്തിലേക്ക് കടന്നുവരേണ്ടതെന്ന് നിഷ്‌കര്‍ഷയുണ്ടായിരുന്നു. അത് സാധിച്ചതില്‍ കൃതാര്‍ത്ഥനാണ്. കുടുംബത്തിലെല്ലാ വരും സൈക്കിള്‍ സവാരി അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍. അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് ഇത് ഏറെ ഗുണകരമാണ്. ഇതൊരു ബാലന്‍സിങ്ങ് പ്രോസാണ്. അതിന് ഏകാഗ്രതയും ശ്രദ്ധയും ധ്യാനവും ആവശ്യമാണ്. ഇതൊക്കെ പില്‍ക്കാല ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഇന്ധനക്ഷമതയായി മാറും. പേശികളുടെയും അസ്ഥികളുടെയും ബലത്തിനും ഉയരം വര്‍ദ്ധിക്കുന്നതിനും ശ്വാസകോശം, ഹൃദയം എന്നിവയുടെ കരുത്തിനും ഈ വ്യായാമം ഏറെ സഹായകരമാവും.
ചോ:സമതലങ്ങളല്ലാത്ത ഇടങ്ങളില്‍ സൈക്കിള്‍ യാത്ര ഏറെ ദുഷ്‌ക്കരമാവില്ലേ?
ഏതുതരം റോഡുകളെയും അനായാസം തരണം ചെയ്യുവാനുള്ള തരത്തില്‍ സൈക്കി ളിന്റെ സാങ്കേതികവിദ്യ ഇന്ന് വികസിപ്പിച്ച് കഴിഞ്ഞു. കുന്നും മലയും കടലോരങ്ങളും ചതുപ്പുനിലങ്ങളും എല്ലാം ഈ വാഹനത്തിലൂടെ നമുക്ക് പിന്നിടാം. 1930 -കളില്‍ പോലും ഗിയര്‍ സൈക്കിളുകള്‍ നിരത്തിലിറങ്ങിയിരുന്നു. നാം ഇതൊന്നും അറിയുന്നില്ല എന്ന്മാത്രം. ഇടക്ക് കേടുവരുമ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ പഞ്ചര്‍കിറ്റുകള്‍ വരെ ഇന്ന് സൈക്കിളുകളില്‍ ഉണ്ട്. ഹെല്‍മറ്റുകള്‍ ഉപയോഗിച്ചാല്‍ അപകടവും ഒഴിവാക്കാം. ഇത്രയൊക്കെ ഗുണങ്ങള്‍ ഇതിനുണ്ടെങ്കിലും നമ്മള്‍ കാറുള്ളവനെ സമര്‍ത്ഥന്‍ എന്നും സൈക്കിള്‍ ഉള്ളവനെ മണ്ടന്‍ എന്നും വിളിക്കുമ്പോള്‍ വിദേശികള്‍ നേരെ തിരിച്ചു പറയുന്നു എന്നതാണ് രസകരമായ കാര്യം.
ചോ: അവസാനമായി ചോദിക്കട്ടെ- ഈ യാത്രകളെല്ലാം ലക്ഷ്യംവെക്കുന്നത് എന്തൊ ക്കെയാണ്…?
ഉ: ഊര്‍ജ്ജശോഷണം, പരിസ്ഥിതി മലിനീകരണം, ഇന്ധനദൗര്‍ലഭ്യം, രോഗാതുരത, ഉപഭോഗതൃഷ്ണ, പൊങ്ങച്ച സംസ്‌ക്കാരം. എന്നിവക്കെല്ലാമെതിരായുള്ള ശക്തമായ, എന്നാല്‍ ലളിതമായ ഒരു ബദല്‍. ഏകദേശം 60 ലക്ഷത്തോളം കുടുംബങ്ങള്‍ ഉള്ള കേരളത്തില്‍ 64 ലക്ഷം റജിസ്റ്റേഡ് വാഹനങ്ങളാണ് ഉള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ നമ്മുടെ അത്യാര്‍ത്തിയും ആഢംബരവും എവിടെയെത്തുന്നുവെന്ന് അനുമാനിക്കാമല്ലോ?
ഈ യാത്രകളെല്ലാം ഫ്രാന്‍സിസിന്റെ ജീവിതത്തെ ഒരു ഗ്രാമത്തിന്റെ ചെറിയ ചുറ്റുവട്ടത്തില്‍ നിന്നും ഒരു സംസ്ഥാനത്തിന്റെ വലിയ വിസ്തൃതിയിലേക്ക് വളര്‍ത്തുകയുണ്ടായി. കെ.എസ്.ഇ.ബി യില്‍ ലൈന്‍മാന്‍ ഗ്രേഡ് 1 ആയി ജോലി ചെയ്യുന്ന ഫ്രാന്‍സിസിന്റെ പരിശീലനത്തിന് വിന്‍സ് ഫെര്‍ണാണ്ടസും (ച ട ണ  ആസ്‌ടേലിയന്‍ കോച്ച്) ഉഷാ തരൂരും (സായി സൈക്കിളിങ്ങ് കോച്ച് ഇന്റര്‍നാഷണല്‍, തിരുവനന്തപുരം) ഇന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
പഴയ ഒരു ബി.എസ്.എ.റാലിയില്‍ നിന്നും തുടങ്ങി ഇംഗ്ലീഷ് റാലിയില്‍ എത്തി ഇന്ന് 68000 രൂപ വിലമതിക്കുന്ന ട്രക്ക് 6000 ഡി എന്ന മൗണ്ടന്‍ ടെറൈല്‍ ബൈക്കിന്റെ (സൈക്കിള്‍) അനന്തസാദ്ധ്യതയിലേക്ക് ഫ്രാന്‍സിസിന്റെ സൈക്കിളും അദ്ദേഹത്തോടൊപ്പം വളര്‍ന്നു കഴിഞ്ഞു.
വളര്‍ച്ചയുടെ ഓരോ പടവുകളും തനിക്കും തന്നോടൊപ്പമുള്ള ജീവജാലങ്ങള്‍ക്കും നന്മയുണ്ടാകണമെന്ന പ്രാര്‍ത്ഥനയിലാണ് ഈ മനുഷ്യന്‍. ആക്‌സിന്റെ (ആക്‌സിഡന്റ് കെയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ്) പ്രവര്‍ത്തകന്‍ കൂടിയായ ഫ്രാന്‍സിസ് യാത്രാവഴികളില്‍ നിരാലംബരും രോഗികളുമായവരെ ചേര്‍ത്തണച്ചും അവരുടെ ജീവിതത്തോട് പങ്കുചേര്‍ന്നും പറ്റാവുന്ന സഹായങ്ങള്‍ ചെയ്തും തന്റെ ഈശ്വരാര്‍ച്ചന നിര്‍വ്വഹിക്കുന്നു.
ദന്തഗോപുരവാസികളായിരുന്ന് ദീനാനുകമ്പയേയും പ്രകൃതിസ്‌നേഹത്തേയും കുറിച്ച് ആര്‍ക്കും കഥയും കവിതയുമൊക്കെ എഴുതാം. സെമിനാറുകളും സിമ്പോസിയവും സംഘടിപ്പിക്കാം. എന്നാല്‍ ഫ്രാന്‍സിസിന് ഇതിലൊന്നും താത്പര്യമില്ല. കാരണം ജീവിതഭാരം പേറാത്ത ചിന്തയും പ്രവൃത്തിയും പാഴാണെന്നാണ് ഫ്രാന്‍സിസിന്റെ നിലപാട് . ഈ നിലപാടാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

Share.

Leave A Reply

Connect with Facebook