നമുക്കാ ധന്യതയിലൂടെ ധ്യാനനിമീലിതരായി മാറാം…

0

സംഘമിത്ര – 9495341166

നാച്ചുറല്‍ ഹൈജീന്‍ ഡിസ: 2012

beautiful-photoshop-art-34
ഈ ഭൂമി എത്രയോ ചേതോഹരമാണ്. അങ്ങേയറ്റം സ്‌ത്രൈണമായ അതിന്റെ പ്രകൃതിയെ അറിയുവാന്‍ ആഴമാര്‍ന്ന ഒരു ബന്ധമുണ്ടാവണം. നിമ്‌ന്നോന്നതവും, വര്‍ത്തു ളവും, ബഹുസ്വരമാര്‍ന്നതുമായ, അതിന്റെ ശരീരത്തിലൂടെ നാം സൂക്ഷ്മ സഞ്ചാരം നടത്തുക. സൃഷ്ടിയുടെ അനേക രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഈ സ്‌ത്രൈണശരീരം എത്രമാത്രം ശില്പചാരുതയാര്‍ന്നതാണെന്ന് അപ്പോള്‍ മനിലാകും. താളാത്മകമായ അതിന്റെ നടനചാരുതയില്‍ നിന്നും ഉയിരാര്‍ന്നുവരുന്ന ശക്തി വിശേഷത്തിലാണ് ഈ പൂക്കള്‍ വിടരുന്നതും സുഗന്ധം പ്രസരിപ്പിക്കുന്നതും പുഴകള്‍ ഒഴുകുന്നതും തീരങ്ങളെ തഴുകുന്നതും മരങ്ങള്‍ വളരുന്നതും ആകാശത്തെ ചുംബിക്കു ന്നതും.
മാദകമാര്‍ന്ന മലനിരകളും മദജലമൂറുന്നതടാകങ്ങളും സ്വപ്നം മയങ്ങുന്ന താഴ്‌വാരങ്ങളും അപാരമായ ശക്തിചൈതന്യത്തെ സംവഹിക്കുന്ന അവളുടെ പ്രഭവകേന്ദ്രങ്ങളാണ്. ഈ പ്രഭവകേന്ദ്രങ്ങളെ തൊട്ടുണര്‍ത്താന്‍ കഴിയുന്ന ഒരാകാശത്തിനുമാത്രമേ അവളുടെ ഉടലും ഉയിരുമായി പ്രണയത്തിലാകാനാവൂ. ആ പ്രണയമാണ് കണ്ണിചോരാത്ത മഴനൂലുകളായി അവളെ ആവരണം ചെയ്യുന്നത്. നെഞ്ചില്‍ കൂടു കൂട്ടിയ മഴമേഘങ്ങളെ ബാഷ്പമാക്കി അവളുടെ ഉടലിലേയ്ക്ക് വര്‍ഷിക്കുമ്പോള്‍ പുളകിതമാകുന്ന ആ ഭൗമഹര്‍ഷത്തെ അനുഭവിക്കുന്നവനേ സംയോഗത്തിന്റെ സംഗീതമെന്തെന്നറിയൂ. കാറ്റിന്റെ തലോടലോടെ, മേഘനാദത്തിന്റെ താളപ്പെരുക്കത്തോടെ, മിന്നലൊളിയുടെ പ്രഭാപൂരത്തോടെ, വാനവും ഭൂമിയും ചേര്‍ന്നു നടത്തുന്ന ഈ രതിനിര്‍വേദത്തില്‍ നിന്നുമാണ് സൃഷ്ടിയുടെ പുതുനാമ്പുകള്‍ പൊട്ടിമുളക്കുന്നത്. അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് മിഴിതുറക്കുന്ന ഈ തളിര്‍നാമ്പുകള്‍ പ്രാണഹര്‍ഷത്തിന്റെ അടയാളമായി നമുക്കു മുന്നില്‍ വിറയാര്‍ന്നു നില്‍ക്കുമ്പോള്‍ നമുക്കാ ധന്യതയിലൂടെ  ധ്യാനനിമീലിതരായി മാറാം.

Share.

Leave A Reply

Connect with Facebook