അവളെ തൊടുമ്പോള്‍ ആകാശത്തെയാണ് തൊടുന്നത്‌…

0

വി.ജി.തമ്പി-9020769923

നാച്ചുറല്‍ ഹൈജീന്‍ ലക്കം ഡിസ: 2012
stree

തകര്‍ക്കപ്പെട്ട കണ്ണാടിയിലെന്നവണ്ണം സ്ത്രീയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ ചിതറികിടക്കുകയാണ്. അനേകം കഷ്ണങ്ങളില്‍ അവള്‍ പ്രതിഫലിക്കുന്നു. ആരാധനയുടെയും അവഗണനയുടെയും പിശാചിന്റെയും ദേവിയുടെയും നിരവധി രൂപങ്ങളില്‍ അവള്‍ മിന്നുകയും കെടുകയും ചെയ്യുന്നു. ചിലപ്പോള്‍ രൂക്ഷം, ചിലപ്പോള്‍ സൗമ്യം, നക്ഷത്രം അല്ലെങ്കില്‍ കരിക്കട്ട, കടുംകയ്പായി, പുളിമധുരമായി, ചവര്‍പ്പായി, ലഹരിയായി, വിഷമായി, തേന്‍കണമായി എത്രയോ രുചികളിലാണവള്‍.
അവള്‍- എന്നെ ഉദിപ്പിച്ചത്, വിടര്‍ത്തിയത്, ചലിപ്പിച്ചത്, ദാഹിപ്പിച്ചത്, കണ്ണീരില്‍ മുക്കികൊന്നത്. അങ്ങനെ ജീവിതത്തില്‍ സ്‌ത്രൈണതയുടെ വലിയ തരംഗങ്ങള്‍ ഞാനനുഭവിച്ചിട്ടുണ്ട്. ലോകവുമായി എന്നെ ഗാഢമായി ഇണക്കിനിര്‍ത്തുന്നത് എല്ലായ്‌പ്പോഴും അവളാണ്.
നഷ്ടപ്പെടുമ്പോള്‍ ഓര്‍ക്കുന്നത്, അനുഭവിക്കുമ്പോള്‍ മറക്കുന്നത്, മറവിയുടെയും ഓര്‍മ്മയുടെയും ഒളിച്ചുകളികള്‍ക്കിടയില്‍ ഒളിവിലും ഒരു മന്ത്രവെളിച്ചം കാട്ടി എന്നെ വശീകരിച്ചും സ്‌നേഹിച്ചും വഞ്ചിച്ചും വെറുത്തും അകത്തും പുറത്തും അവളുണ്ട്. അവളെ നിര്‍വചിച്ചുതീര്‍ക്കുക അസാധ്യം. അങ്ങിനെയായാല്‍ ഭാവനയുടെ നീരുറവകള്‍ വറ്റിപോകും
അതുകൊണ്ട് ഓരോ പുരുഷന്റെയും ഗര്‍ഭപാത്രത്തില്‍ സ്ത്രീ പിറവികൊണ്ടിട്ടുണ്ട് എന്ന് വിചിത്രമായി സങ്കല്‍പിക്കാനാണ് എനിക്കിഷ്ടം. എനിക്കുള്ളിലെ സ്ത്രീത്വമാണ് എന്നെ സര്‍ഗാത്മകനാക്കുന്നത്. സാഹസിയാക്കുന്നത്, എന്റെ ഉടലിലാകെ ഒഴുകിനടക്കുന്ന സര്‍ഗാത്മകതയുടെ ഊര്‍ജ്ജപ്രവാഹമാണ് എന്റെ  സ്ത്രീകള്‍. മനിന്റെ പൂര്‍ണ്ണചന്ദ്രന്‍ എത്രയോ ജലാശയങ്ങളില്‍ ഒരേ അളവില്‍ അവളെ പ്രതിബിംബിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിന്റെ പുറംകാഴ്ചകളില്‍ അലഞ്ഞു നടക്കുന്ന ആന്തരികതയുടെ ആഴങ്ങളിലേക്ക് ക്ഷണിക്കുന്നതവളാണ്. എന്നെ ജ്വലിപ്പിക്കുന്നവള്‍, നിര്‍മ്മിക്കുന്നവള്‍, സംരക്ഷിക്കുന്നവള്‍ ചിലപ്പോള്‍ മാത്രം കൊല്ലുന്നവള്‍.
ഓരോ സത്യാന്വേഷിയും തനിക്കുള്ളില്‍ ഒരു സ്ത്രീയായി തീരാന്‍ പരിശ്രമിക്കുമെന്ന് പറയാറുണ്ട്. മഹാത്മജി തന്റെ സത്യാന്വേഷണ പരീക്ഷകളില്‍ നടത്തിയ ഏറ്റവും കഠിനമായ പ്രയത്‌നം ഒരു സ്ത്രീയായി രൂപാന്തരപ്പെടാന്‍ വേണ്ടിയായിരുന്നു. രാമകൃഷ്ണ പരമഹംസരും അതുതന്നെ ചെയ്തു. അന്ത്യനാളില്‍ പരമഹംസരുടെ നെഞ്ച് സ്ത്രീയുടെ മാര്‍ത്തടംപോലെ സംവേദന നിര്‍ഭരമായി എന്നാണ് പറയുന്നത്. ഓഷോ പറയുന്നത് സ്ത്രീയോ പുരുഷനോ എന്നത് ശാരീരികം എന്നതില്‍ കവിഞ്ഞ് മാനസികം എന്നാണ്. യേശുക്രിസ്തുവിന്റെ ആത്മഭാവം എത്രയോ ശാലീനവും സ്‌ത്രൈണവുമാണ്. ഒരു ചെകിട്ടത്തടിക്കുമ്പോള്‍ മറ്റേ ചെകിടും കാണിച്ച് കൊടുക്കാന്‍ പാകത്തിന് യേശു തന്റെ ആത്മരൂപത്തില്‍ സ്‌ത്രൈണത നിറച്ചു. സ്‌നേഹത്തില്‍ എത്രത്തോളം ധീരമാകാമെന്ന്, വിചാരണകളില്‍ എത്രത്തോളം മൗനിയാകാമെന്ന് സഹനത്തില്‍ എത്രമാത്രം ആനന്ദലബ്ധനാകാമെന്നതിന് യേശുവിലെ സ്‌ത്രൈണ വ്യക്തിത്വമാണ് പ്രചോദനമായത്. വേദനകള്‍ സഹിക്കുന്നതില്‍, ലോകത്തെ കരുണകൊണ്ട് പരിലാളിക്കുന്നതില്‍, ഏകാന്തതയെ മുലയൂട്ടി വളര്‍ത്തുന്നതില്‍ യേശുവിനെപോലെയോ, അതിലധികമോ സ്‌ത്രൈണത ബുദ്ധനിലുണ്ട്. ഒട്ടും അക്രമാസക്തമാകാത്തത്, സമഗ്രഭാവത്തില്‍ സമതുലിതമായ ആത്മശക്തിയോടെ ഇവരില്‍ സ്‌ത്രൈണസത്തയുടെ പ്രകാശനം വിസ്മയകരമായിരിക്കുന്നു.
കീഴ്‌പ്പെടുത്താന്‍ ആഗ്രഹിക്കാത്ത, പ്രണയം നിറഞ്ഞ സ്ത്രീകളായിരുന്നു യേശുവും ബുദ്ധനും ഗാന്ധിയും രാമകൃഷ്ണനും ഓഷോയും ലാവോത്സും എന്ന് സങ്കല്‍പിക്കുന്നതില്‍ വലിയൊരു ആനന്ദപ്രതീക്ഷയുണ്ട്. ഉരുക്കിന്റെ ഹൃദയത്തിന് പകരം മാംസളമായ ഹൃദയത്തെ വളര്‍ത്തിയെടുക്കുകയായിരുന്നു ഇവര്‍.
ഒളിപ്പിച്ചുവെച്ച വിഷപ്പല്ലുകള്‍ പുറത്തുകാട്ടി നമ്മുടെ മതങ്ങളും ശാസ്ത്രവും പുരുഷപ്രകൃതത്തിന്റെ ഹിംസാരൂപങ്ങളാകുന്നു. നിര്‍ഭാഗ്യവശാല്‍ ഈ പുരുഷപ്രകൃതമാണ് ലോകത്തെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. വേട്ടക്കാരന്റെ തേറ്റയും കൊമ്പും മുളപ്പിച്ച് അവന്‍ ഈ ലോകത്തെ അത്രയെറെ മുറിപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ലോകം ഇത്രയും ക്രൂരദാരുണമായി പീഡിപ്പിക്കപ്പെടുന്നു? പീഡകന്റെ മാനസികാവസ്ഥയിലതുണ്ട്. പുരുഷന്റെ അരക്ഷിതബോധവും ഭയവും അസ്വതന്ത്രതയും ആണ് അവനെ രക്തദാഹിയാക്കിയത്. ആന്തരീകതയില്‍ അവന്‍ അശാന്തനാണ്. അവന്‍ അസൂയാലുവും അസഹിഷ്ണുവുമാണ്. ഏകാധിപതിയാണ്. അതുകൊണ്ടാണവന്‍ എന്നും അധികാരിയായി ചമയാന്‍ വ്യഗ്രത കാണിക്കുന്നത്. സ്ത്രീയെ അടിമയാക്കുമ്പോള്‍ സ്വന്തം ആത്മശൈഥില്യമാണ് അവന്‍ തുറന്നു കാണിക്കുന്നത്.
അധികാരികളുടെയും പീഡകന്റെയും തൊലിയുരിഞ്ഞുനോക്കിയാല്‍ ദയനീയവും ദാരുണവുമായ പുരുഷന്റെ വിരൂപമായ ആന്തരികലോകം കാണാം. കീറിപറിഞ്ഞുപോയ ഒരാത്മാവാണ് അവന്റേത്. ആത്മവിശ്വാസമില്ലായ്മകൊണ്ടും അപകര്‍ഷതാബോധം കൊണ്ടും അരക്ഷിതത്വം കൊണ്ടുമാണ് പുരുഷത്വം അതിന്റെ മുനകൂര്‍പ്പിക്കുന്നത്. സ്ത്രീ അവന് ആരാധിക്കാനുള്ള ദേവീവിഗ്രഹം. എന്നാല്‍, അവളുടെ എപ്പോഴും സ്പന്ദിക്കുന്ന വ്യക്തിത്വത്തെ നേരിടാന്‍ അവന്‍ ഭയക്കും.
ചരിത്രത്തെ രക്തപങ്കിലമാക്കിയ പുരുഷന്റെ ആധിപത്യവാഴ്ചയ്ക്കിടയില്‍, അവന്‍ സൗന്ദര്യം നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അതത്രയും അവനുള്ളിലെ സ്ത്രീത്വത്തെ തൊട്ടനുഭവിച്ചപ്പോള്‍ മാത്രമാണ്. സ്ത്രീത്വവുമായി പങ്കുവെച്ച മുഹൂര്‍ത്തങ്ങളില്‍ അവന്‍ സ്വന്തം ജീവിതത്തില്‍ അര്‍ത്ഥവും സൗന്ദര്യവും സ്വാതന്ത്ര്യവും കണ്ടെത്തി. അവനിലെ കലാകാരന്‍ ഉണര്‍ന്നു. തത്വചിന്തകനുണര്‍ന്നു. മനുഷ്യത്വം പ്രകാശനക്ഷത്രമായി. വാസ്തുശില്പങ്ങളുടെയും സംഗീതഗോപുരങ്ങളുടെയും മഹത്തായ വാങ്മയങ്ങളുടെയും അഭ്രകാവ്യങ്ങളുടെയും പ്രചോദന ചരിത്രമതാണ്. സര്‍ഗ്ഗാത്മകത സ്‌ത്രൈണമാണ്.
ലോകത്തിലെ എല്ലാ പുരാവൃത്തങ്ങളിലും മതാദര്‍ശങ്ങളിലും സ്ത്രീ, മണ്ണും, പ്രകൃതിയുമാണ്. അവള്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയെപ്പോലെ ആഴവും വിസ്തൃതിയും സംവഹിക്കുന്നവളാണ്. പുരുഷന് ഈ ഭൂമിയില്‍ വേരുകള്‍ നല്‍കുന്നത് അവളാണ്. അവന്റെ ജീവിതത്തില്‍ ആഴവും വിശാലതയും നല്‍കുന്നതവളാണ്. ഒരു സ്ത്രീ ഇല്ലെങ്കില്‍ അവന് മണ്ണില്ല. മണ്ണിലേക്കുപടരുവാന്‍ വേരുകളില്ല. സ്ത്രീ പുരുഷന്റെ വീടാണ്. അവന് അഭയം നല്‍കുന്നത്, സുരക്ഷിതത്വം നല്‍കുന്നത്, ഊഷ്മളതയും പരിലാളനയും നല്‍കുന്നത്, വൈകാരികമായ സ്വാസ്ഥ്യം നല്‍കുന്നത് അങ്ങിനെ അവനിലെ വ്യക്തിത്വത്തെ സ്വതന്ത്രമാക്കുന്നത് സ്ത്രീയാണ്. അവളില്ലെങ്കില്‍ പുരുഷന്‍ വേരറ്റവനും ക്ഷതകാലങ്ങളില്‍ അലിഞ്ഞുതിരിയുന്ന തെണ്ടിയുമായിപ്പോകും.
ഇതാണ് സത്യമെന്നിരിക്കേ ഈ ലോകത്തില്‍ സ്ത്രീ എന്തുകൊണ്ടായിരിക്കും അവഗണിക്കപ്പെട്ടതും അപമാനിക്കപ്പെട്ടതും അബലയാക്കപ്പെട്ടതും? ഇന്ന് സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്താണ്. കാമപൂര്‍ത്തിയുടെ ഉപകരണമാണ്. ചരിത്രത്തില്‍ അവള്‍ അദൃശ്യയാണ്. വീട്ടിലും നാട്ടിലും തെരുവിലും കലയിലും രാഷ്ട്രീയത്തിലും അവള്‍ക്ക് അടിമയുടെ പ്രതിനിധാനം മാത്രമാണുള്ളത്. ചരിത്രത്തിന്റെ ചോരച്ചാലുകളിലൂടെയാണ് നൂറ്റാണ്ടുകളായി പുരുഷന്‍ അവളെ വലിച്ചിഴയ്ക്കുന്നത്. അവളുടെ സഹനശക്തിയെ, സ്‌നേഹശക്തിയെ വൈകാരികസ്വാശ്രയത്വത്തെ അവന് ഭയമാണ്. അതുകൊണ്ടുമാത്രം കായികക്കരുത്തിന്റെ മാത്രം ആനുകൂല്യത്തില്‍ പുരുഷന്‍ സ്ത്രീയെ ചരിത്രത്തിന്റെ തടവറയിലിട്ടു. തമസ്‌കരിച്ചു. അദൃശ്യയാക്കി.
സ്ത്രീയുടെ അഭാവത്തില്‍ ഒരു പുരുഷനും സ്വന്തം ആന്തരികതയിലെ ശൂന്യതയെ പൂരിപ്പിക്കാനാവില്ല. സ്ത്രീ ആഴത്തില്‍ എന്തോ അവന് പരിഹരിച്ചുകൊടുക്കുന്നുണ്ട്. അവനത് സമ്മതിച്ചുകൊടുക്കുന്നില്ലെങ്കിലും. വാണിജ്യവല്‍ക്കരണത്തെ ഏതൊരു ലൈംഗികവേഴ്ചയിലും സ്ത്രീക്ക് മഹത്തായൊരു ആത്മീയാനുഭവമാക്കാന്‍ കഴിയും. സ്ത്രീക്ക് ലൈംഗീകത സ്വന്തം ഉടലില്‍ ഉടനീളം വ്യാപിച്ച ഒരു ആനന്ദധാരയാണ്.
അവള്‍ക്കൊരു സിദ്ധിയുണ്ട്. അനുഭവങ്ങളെ സമതുലിതമാക്കുവാന്‍. അവളിത്രയും സുന്ദരിയായിരിക്കുന്നത് ഉടലും മനും തമ്മിലുള്ള സംവേദനക്ഷമതകൊണ്ടാണ്. സമതുലിതാവസ്ഥകൊണ്ട് എന്ന് ഓഷോ അര്‍ത്ഥവത്തായി മൊഴിഞ്ഞിട്ടുണ്ട്. വളരെ ചെറുതെങ്കിലും എന്റെ കാവ്യലോകത്തെ സംവേദനക്ഷമമാക്കുന്നത്  സത്രൈണതയുടെ ആത്മീയ സൗന്ദര്യങ്ങളാണ്.
സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ അവള്‍ പെണ്ണിനെയും ആണിനെയും വഹിച്ചിട്ടുണ്ട് മുലകൊടുത്തിട്ടുണ്ട്, പരിപാലിച്ചിട്ടുണ്ട് അതിശയകരമായ ജീവിതമാണ് സ്ത്രീയുടേത്. സ്ത്രീയുടെ സ്വാതന്ത്ര്യത്തില്‍ മാത്രമേ പുരുഷന് സ്വാതന്ത്ര്യമനുഭവിക്കാന്‍ കഴിയുകയുള്ളു. സ്ത്രീയെ അടിമയാക്കുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ പുരുഷന്റെ ദുരന്തമാരംഭിക്കുന്നത്.
സ്ത്രീയുടെ യഥാര്‍ത്ഥസത്ത എത്രയോ സ്‌ഫോടനാത്മകമാണ്, മൗലികമാണ്, ആധികാരികമാണ്. എന്നിട്ടും, കൗമാരത്തില്‍ പിതാവ്, യൗവ്വനത്തില്‍ ഭര്‍ത്താവ്, വാര്‍ദ്ധക്യത്തില്‍ പുത്രന്‍ എന്നീ നിലയില്‍ ഒരു സ്ത്രീയുടെ ജീവിതം പുരുഷനെ ചുറ്റിക്കറങ്ങുകയാണ്. സ്ത്രീവാദവും ഒരര്‍ത്ഥത്തില്‍ പുരുഷനെ ഉറപ്പിച്ച കുറ്റിക്കുചുറ്റും കറങ്ങുക എന്നതാണ്. അത് എത്ര ദയനീയം. സ്ത്രീ സ്വന്തം തനിമയെക്കുറിച്ച് ആത്മബോധം നേടുന്നിടത്തേ യഥാര്‍ത്ഥ സ്ത്രീവാദം ആരംഭിക്കുന്നുള്ളൂ. സമൂഹത്തിന്റെ ഘടനാപരമായ പ്രതിസന്ധികളുടെ അടിസ്ഥാനപരിഹാരം സ്ത്രീയില്‍ നിന്ന്   ആരംഭിക്കേണ്ടതുണ്ട്.
ഇതെല്ലാം ഏകപക്ഷീയമായ ഒരു പുരുഷനേട്ടത്തിന്റെ കാര്യമാകാം. ഒട്ടും ജാള്യതയില്ലാത്ത ഏറ്റുപറച്ചില്‍. സ്ത്രീ അവളുടെ ഉടല്‍ തടവറയില്‍ യഥാര്‍ത്ഥമായി അനുഭവിക്കുന്ന കഠിനവ്യഥകള്‍ പുരുഷന് ഉള്‍ക്കൊള്ളാനാകുമോ? അവളുടെ ഏകാന്തതകള്‍ക്കും അപമാനങ്ങള്‍ക്കും മറ്റൊരു ജീവിതമുണ്ടാകും.
അതൊരിക്കലും പുരുഷനാല്‍ ആഘോഷിക്കപ്പെടുന്ന വര്‍ണ്ണത്തിളക്കമുള്ള ജീവിതമാകണമെന്നില്ല. പരിവര്‍ത്തനത്തിന്റെ ഭാവിരൂപം സ്ത്രീ നിശ്ചയിക്കും. അവളുടെ ഊര്‍ജ്ജത്തിലാണ് മാറ്റത്തിന്റെ വേരോട്ടം. പുരുഷന്‍ ഹിംസകൊണ്ടു കളങ്കപ്പെടുത്തിയ അവന്റെ ചരിത്രം തോറ്റുപോയിരിക്കുന്നു.
ചിത്രകലയിലും ശില്പകലയിലും സംഗീതത്തിലും സാഹിത്യത്തിലും മികച്ച രചനകള്‍ക്കെല്ലാം ഉത്തേജനം പകര്‍ന്നത് സ്‌ത്രൈണതയുടെ സൗന്ദര്യതരംഗങ്ങള്‍ ഏറ്റുവാങ്ങികൊണ്ടാണ്. ജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും ദിവ്യാനുപാതമുള്ള സ്ത്രീകളിലേയ്ക്ക് ആഴത്തില്‍ നോക്കിയപ്പോഴാണ് മഹാരചനകള്‍ ഇളകിമറിഞ്ഞത്. പക്ഷേ മഹത്തായ സ്‌ത്രൈണപ്രചോദനങ്ങള്‍ പിന്നീട് വേശ്യാജന്മങ്ങളായിട്ടും കറുത്ത മന്ത്രവാദിനികളായിട്ടും ചരിത്രത്തില്‍ ചാമ്പലാക്കപ്പെട്ടു.
സ്ത്രീയുടെ ഊര്‍ജ്ജം നമ്മുടെ ചരിത്രത്തില്‍ ഇനിയും ഏറെ പരീക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒരു സ്ത്രീയാകാനുള്ള വിനീതമായ ആത്മസമരത്തില്‍ ഞാനും പങ്കുകൊള്ളുന്നു.

Share.

Leave A Reply

Connect with Facebook