പെന്‍ഷന്‍ എന്ന സാമൂഹ്യ അനീതി

0

Pensions_saving

പെന്‍ഷന്‍ നല്കുന്നത് ജോലി ചെയ്യാനുള്ള കഴിവില്ലാതാകുമ്പോഴാണ്.  അതാണ് നാം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം. കഴിവില്ലായ്മയാണ് മാനദണ്ഡമെങ്കില്‍ അത് സര്‍ക്കാര്‍ ജോലിയില്‍ മാത്രമായി നിജപ്പെടുത്താന്‍ പാടില്ല. സമൂഹത്തിന്‌വേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ജോലിചെയ്യാന്‍ കഴിവില്ലാതാകുമ്പോള്‍ പെന്‍ഷന്‍ കൊടുക്കണം. അത് കളക്ടറെന്നോ, തൂപ്പുകാരെന്നോ, പോലീസുകാരനെന്നോ വ്യത്യാസമില്ലാതെ തുല്ല്യമായ പെന്‍ഷന്‍ കൊടുക്കാനുള്ള സംവിധാനം ഉണ്ടായിവരണം. അത് ഏതു പ്രായത്തിലുള്ളവനും നല്കണം. പെന്‍ഷന്‍ വിതരണത്തില്‍ അസമത്വം പാടില്ല. ശേഷിക്കുന്ന കാലത്ത് ജീവിക്കാനുള്ളതാണ് പെന്‍ഷന്‍.
ജോലി ചെയ്യാന്‍ കഴിവില്ലാതാകുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. കണ്ണുകാണാതാവുകയും, ചെവികേള്‍ക്കാതാവുകയും, നടക്കാന്‍കഴിയാതാവുകയും, ഇരിക്കാന്‍ കഴിയാതാവുകയും, എന്ന് വേണ്ട ശാരീരിക മാനസിക വൈകല്യങ്ങള്‍ ആര്‍ക്കും ഏതുപ്രായത്തിലും സംഭവിക്കാവുന്നതാണ്. ഇങ്ങനെ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥവന്നാല്‍ അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടതായ ബാധ്യത സര്‍ക്കാറിനുണ്ട്. അത് സര്‍ക്കാര്‍ നടപ്പിലാക്കുമ്പോഴാണ് നമ്മുടെ രാഷ്ട്രം ഒരു ക്ഷേമരാഷ്ട്രമായി തീരുക. അതുപോലെത്തന്നെ ഒരു വ്യക്തിക്ക് ഒരു പെന്‍ഷന്‍ മാത്രമേ അര്‍ഹതയുണ്ടാകാന്‍ പാടുള്ളൂ. എം. എല്‍. എ എന്ന നിലയില്‍ ഒരു പെന്‍ഷന്‍, എം. പി എന്ന നിലയില്‍ മറ്റൊരു പെന്‍ഷന്‍, മന്ത്രിയെന്ന നിലയ്ക്ക് വേറൊരു പെന്‍ഷന്‍, പട്ടാളത്തില്‍ നിന്നൊരു പെന്‍ഷന്‍, കേരള സര്‍ക്കാരില്‍ നിന്ന് വേറൊരു പെന്‍ഷന്‍, ഇങ്ങനെ അനര്‍ഹമായ വരുമാന സ്രോതസ്സുകള്‍ സമൂഹത്തില്‍ വിവേചനങ്ങളും, അസമത്വങ്ങളും വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.  സമൂഹത്തില്‍ ജോലിചെയ്യുന്ന എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കണം. രാവിലെ നാലുമണിക്ക് കടതുറന്ന് പുട്ടും കടലയും വെള്ളയപ്പവും ഇഡ്ഡലിയും ദോശയും ഉണ്ടാക്കി ജനങ്ങള്‍ക്ക് കൊടുക്കുന്ന ഗ്രാമീണ ചായക്കടക്കാരനും, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും വരെ ജോലി ചെയ്യുന്ന തയ്യല്‍കാരനും, ബാര്‍ബറും ആരോഗ്യമുള്ളടത്തോളംകാലം പാടത്തും പറമ്പിലും ജോലിചെയ്യുന്ന കര്‍ഷകതൊഴിലാളിക്കുമെല്ലാം ഇതേ പെന്‍ഷന്‍ അവകാശപ്പെട്ടതല്ലേ?
ഇവര്‍ അമ്പത്തഞ്ചെന്നോ അറുപതെന്നോ പ്രായപരിധിയില്ലാതെ ജോലിചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജോലിക്കാരനായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഒരു നിശ്ചിത പ്രായത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടരുത്. ജോലി ചെയ്യാന്‍ കഴിയുന്നകാലത്തോളം സര്‍ക്കാര്‍ ജോലിക്കാരനായാലും, സാധാരണജോലിക്കാരനായാലും ജോലിചെയ്യട്ടെ- അവരുടെ പ്രായപരിധിയല്ല, ജോലിചെയ്യാനുള്ള ശേഷിയെയാണ് ആധാരമാക്കേണ്ടത്. ഇവരെ അധികാരപ്പെടുത്തുന്ന മന്ത്രിമാര്‍ക്കും, എം. എല്‍. എ. മാര്‍ക്കും പി. എസ്. സി. അംഗങ്ങള്‍ക്കും പ്രായപരിധിയില്ലല്ലോ! യോഗ്യതയുള്ള -കഴിവുള്ള- എല്ലാവരും ജോലിചെയ്യട്ടെ! ആരോഗ്യം നശിക്കുമ്പോള്‍-ജോലിചെയ്യാന്‍ കഴിയാതാവുമ്പോള്‍ പെന്‍ഷന്‍കൊടുക്കണം. അത് എല്ലാവര്‍ക്കും കൊടുക്കണം. അതില്‍ വിവേചനങ്ങള്‍ പാടില്ല. സര്‍ക്കാര്‍ ജോലിക്ക് പ്രായപരിധിയല്ല ആവശ്യം. ഒരു നിശ്ചിതകാലയളവാണ് വേണ്ടത്. ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ജോലിയിലിരിക്കാനുള്ള കൂടിയ കാലയളവ് പത്ത് വര്‍ഷമാക്കി നിജപ്പെടുത്തുക. ഒരു ജനകീയ സര്‍ക്കാരിന് അഞ്ചുവര്‍ഷമാണെങ്കില്‍ അവര്‍ നിയമിക്കുന്ന ജോലിക്കാരന് പത്തുവര്‍ഷത്തെ കാലാവധി മതി. യോഗ്യതയുള്ള എല്ലാവര്‍ക്കും അതുവഴി സര്‍ക്കാരിനെ സേവിക്കാം. പ്യൂണിനും, ഐ. എ. എസ്സുകാരനും ഇത് ബാധകമാകണം. പത്ത് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും സര്‍ക്കാരിനെ സേവിക്കണമെങ്കില്‍, വീണ്ടും പി. എസ്. സി. പരീക്ഷ എഴുതുകയും, റാങ്ക്‌ലിസ്റ്റില്‍ കടന്ന് കൂടി, നിയമനം കിട്ടുകയും വേണം. ഭരണയന്ത്രത്തിന്റെ തുരുമ്പ് മാറാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്.

Share.

Leave A Reply

Connect with Facebook