തിന്ന് മോനേ… വേണ്ടമ്മായി! [ജനു: 2011]

0

പ്രമോദ് ഇരുമ്പുഴി

food

മലയാളികളുടെ മുന്നിലെ കൂടുതല്‍ അളവ് ഭക്ഷണം  കഴിക്കുന്നതിന്റെ മകുടോദാഹരണം തൃശൂര്‍ക്കാരന്‍ റപ്പായി ആയിരുന്നു ( അദ്ദേഹം മരിച്ചുപോയി). തീറ്റ റപ്പായി എന്ന് കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരെപ്പറ്റി ഇപ്പോഴും ആളുകള്‍ പറയും. ലോകചരിത്രത്തില്‍ ആ സിംഹാസനത്തില്‍ ഇരിക്കുന്ന വ്യക്തി റോമിലെ ചക്രവര്‍ത്തിയായിരുന്ന നീറോ ആണ്. രണ്ടുപേരും തമ്മില്‍ പ്രധാനവ്യത്യാസം റപ്പായി തമാശക്കാരനായാണ് അറിയപ്പെടുന്നതെങ്കില്‍ നീറോ ക്രൂരനായാണ് അറിയപ്പെടുന്നത്. നീറോ ചക്രവര്‍ത്തിയെപ്പറ്റി പ്രസിദ്ധമായ ഒരു പഴമൊഴിയും നിലവിലുണ്ട്. ”റോമാനഗരം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുകയായിരുന്നു”. തന്റെ പ്രജകളുടെ, ക്ഷേമകാര്യങ്ങളെപ്പറ്റി ഒരു താല്‍പ്പര്യവും കാണിക്കാത്ത വ്യക്തിയായിരുന്നു നീറോ. അതിനാലാണ് നാട് കത്തിയെരിഞ്ഞപ്പോള്‍ നീറോയ്ക്ക് വീണവായിക്കാന്‍ കഴിഞ്ഞത്. ഇന്ന് ലോകം നീറോയുടെ പ്രജാക്ഷേമതാല്‍പര്യമില്ലായ്മയെപ്പറ്റിയല്ല കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് നീറോ ഭക്ഷണത്തോട് കാണിച്ചിരുന്ന അമിതമായ ആര്‍ത്തിയെപ്പറ്റിയാണ്. നീറോ കൊട്ടാരത്തിലിരിക്കുമ്പോഴും എവിടെയെങ്കിലും പോകുമ്പോഴും അദ്ദേഹത്തിന്റെ കൂടെ എപ്പോഴും രണ്ടുപേര്‍ ഉണ്ടാകും. ഒരാള്‍ക്ക് ജോലി നീറോയ്ക്ക് ആവശ്യത്തിന് അനുസരിച്ച് ഭക്ഷണം വിളമ്പുക എന്നതാണ്. രണ്ടാമത്തെ ആളുടെ ജോലി നീറോ ഭക്ഷണം കഴിച്ചാലുടന്‍ ഛര്‍ദ്ദിപ്പിക്കാനുള്ള മരുന്ന് കൊടുക്കുക എന്നതാണ്. എന്നാലല്ലേ വയര്‍ കാലിയാവുകയും വീണ്ടും ഭക്ഷണം കഴിക്കാന്‍ പറ്റുകയും ഉള്ളു. അദ്ദേഹം ഒരു ദിവസം ഇരുപതിലേറെ തവണ ഭക്ഷണം കഴിച്ചിരുന്നു എന്നാണ് ചരിത്രം.

പഴയൊരു മാപ്പിളപ്പാട്ടിലെ (ഒപ്പനപ്പാട്ടിലെ) വരിയാണ് ”തിന്ന് മോനേ… വേണ്ടമ്മായീ” എന്നത്. ഭക്ഷണം ആവശ്യമില്ലാത്ത ഒരാളെ ആതിഥ്യമര്യാദയുടെ ഭാഗമായി തീറ്റിക്കുന്ന ഒരു നാട്ടുസമ്പ്രദായത്തെയാണ് ഈ പാട്ട് ഓര്‍മ്മിപ്പിക്കുന്നത്. ഭക്ഷണം കഴിക്കാനില്ലാത്ത കാലത്ത് ഒരാളോട് കാണിക്കേണ്ടുന്ന ഏറ്റവും വലിയ സ്‌നേഹപ്രകടനമാണ് ഭക്ഷണം കൊടുക്കുക എന്നത്. ‘നീ ഉണ്ടില്ലെങ്കിലും നിന്റെ അയല്‍ക്കാരനെ ഊട്ടുക’ എന്ന  വചനമെല്ലാം സാര്‍ത്ഥകമാകുന്നത് അങ്ങനെയാണ്. ഒരാളുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോള്‍ വീട്ടില്‍വെച്ച് മധുരപലഹാരം ഉണ്ടാക്കി കൊണ്ടുപോകുന്നത് ഭക്ഷണം എന്ന സന്തോഷം നല്‍കാനാണ്. (ഇപ്പോള്‍ ചിലര്‍ ബേക്കറിസാധനങ്ങളാണ് കൊണ്ടുപോകുന്നത്). അതിഥിക്ക് വിശിഷ്ടവിഭവങ്ങള്‍ പ്രത്യേകം തയ്യാറാക്കി നല്‍കുന്നതും ആതിഥ്യമര്യാദയുടെ ഭാഗമായി മാറിയത് ഭക്ഷണം അധികം ലഭിക്കാത്ത കാലത്തായിരിക്കണം. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഭക്ഷണം സുലഭമായിരിക്കുന്ന ഇക്കാലത്ത് ആതിഥ്യമര്യാദയുടെ ഭാഗമായി കരിച്ചതും പൊരിച്ചതുമായ  മത്സ്യമാംസാദികള്‍ നല്‍കുന്നത് (നിര്‍ബന്ധിച്ച് തീറ്റിക്കുന്നത്) അതിഥികളോട് ചെയ്യുന്ന സ്‌നേഹപ്രകടനമല്ല, മറിച്ച് ക്രൂരതയാണ്. സമൂഹത്തിലധികം പേര്‍ക്കും പൈല്‍സ്, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ള ഇക്കാലത്ത് കരിച്ചതും പൊരിച്ചതുമായ മത്സ്യമാംസാദികള്‍ അതിഥ്യമര്യാദയുടെ ഭാഗമായി നല്‍കിയാല്‍ വിരുന്നുചോറ് കൊലച്ചോറായി മാറും.arabic-food-table-2786

മതസംഘടനകളും ജാതിസംഘടനകളും സാംസ്‌കാരികസംഘടനകളും മദ്യം, മദിരാക്ഷി, സ്ത്രീധനം, പലിശ തുടങ്ങിയ സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ദുരാചാരങ്ങള്‍ക്കൊന്നും കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും, ഇത്തരം പ്രസംഗങ്ങളും എഴുത്തും പ്രോത്സാഹനജനകമാണ്. മേല്‍പറഞ്ഞ സംഘടനകള്‍ അറിഞ്ഞോ അറിയാതെയോ കണ്ണടച്ച് ഇരുട്ടാക്കുന്ന വലിയൊരു സാമൂഹിക വിപത്താണ് ഭക്ഷണത്തോട് ജനം കാണിക്കുന്ന അമിതമായ ആര്‍ത്തിയെന്നത്. നാട്ടുകാര്‍ ആക്രാന്തം എന്ന പദമാണ് ആര്‍ത്തിയെകുറിക്കാന്‍ ഉപയോഗിക്കുന്നത്.  ആക്രാന്തമെന്ന പദത്തിന് കരച്ചില്‍ എന്നാണ് അര്‍ത്ഥം.

ആയുസ്സിന്റെ പകുതി പിന്നിടുമ്പോഴേക്കും ഭൂരിഭാഗം പേരുടെയും വീട്ടിലെ അലമാറകളിലും ഫ്രിഡ്ജിലും യാത്രക്കാരാണെങ്കില്‍ പോക്കറ്റിലും ഗുളികകളുടെ പൊതികള്‍ ഉണ്ടാവാറുണ്ട്. ധാരാളം ഗുളിക വിഴുങ്ങുന്ന ഇവരെ ഗുളികന്മാര്‍ എന്ന് വിളിക്കാമല്ലോ, അല്ലേ? നല്ലൊരു സമൂഹത്തെ സ്വപ്നം കാണുന്ന സാമൂഹിക, സാംസ്‌കാരിക, മത-ശാസ്ത്രസംഘടനകളും താങ്കളുടെ അനുയായികളോടെങ്കിലും പ്രസിദ്ധീകരണങ്ങളിലൂടെയോ പ്രസംഗങ്ങളിലൂടെയോ ഭക്ഷണത്തോട് കാണിക്കുന്ന ആര്‍ത്തി കുറക്കാന്‍ നിര്‍ദ്ദേശിക്കണം. അതിന്റെ ഭാഗമായി സംഘടനകള്‍ തങ്ങളുടെ സംസ്ഥാന ജില്ലാ താലൂക്ക് സമ്മേളനങ്ങളും കുടുംബമേളകളും നടത്തുമ്പോള്‍ വിളമ്പുന്ന ഭക്ഷണവും ലളിതമാണോ എന്ന് ഉറപ്പു വരുത്തുന്നത് നല്ലതാണ്. മാത്രവുമല്ല നിങ്ങളുടെ ഭക്ഷണാര്‍ഭാടത്തിന്റെ ദുര്യോഗം അനുഭവിക്കുന്നത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കേഴുന്ന ഭൂമിയുടെ അങ്ങേകോണില്‍ ജീവിക്കുന്ന ദരിദ്രജനകോടികളാണെന്നത് നാം മറക്കരുത്.

Share.

Leave A Reply

Connect with Facebook