അമനോ മകരന്ദ്
രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത്. പക്ഷെ പ്രകടമായ രോഗമൊന്നുമില്ലെങ്കിലും ചിലര്‍ രോഗികളായിരിക്കും. അത്തരത്തില്‍ പെട്ടവരാണ് പ്രമേഹരോഗികള്‍. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് പ്രമേഹം. നിയന്ത്രിത പ്രമേഹരോഗിെള പോലും പലപ്പോഴും വികലാംഗരാക്കി മാറ്റാന്‍ പ്രമേഹത്തിനു കഴിയും. ഈ രോഗം ഒരിക്കല്‍ പിടിപെട്ടാല്‍ ആയുഷ്ക്കാലം മുഴുവന്‍ കരുതലോടെയിരിക്കേണ്ടതായും വരുന്നു. ചിലരിലത് ഒരു നിശ്ശബ്ദഘാതകനുമാകുന്നു.
പ്രമേഹം വളരെപണ്ടേ നിര്‍ണയിക്കപ്പെട്ട ഒരു രോഗമാണ്. അത് വ്യാപകവുമാണ്. അതുകൊണ്ടുതന്നെ വര്‍ഷങ്ങളോളം പഠനം നടത്താനും, ആ പഠനത്തില്‍ പതിനായിരക്കണക്കിന് പ്രമേഹരോഗികളെ വിധേയമാക്കാനും വൈദ്യശാസ്ത്രത്തിനു കഴിഞ്ഞു. പ്രമേഹരോഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഏതാണ്ട് രണ്ടായിരത്തഞ്ഞൂറ് വര്‍ഷങ്ങളുടെ ചരിത്രം കാണും. പഠനങ്ങളുടെ ഫലമായി നാം പ്രമേഹരോഗ നിയന്ത്രണത്തിനായി പലതരത്തിലുള്ള പരിഹാരങ്ങള്‍ കണ്ടുപിടിച്ചു. ഭക്ഷണനിയന്ത്രണം, വ്യായാമം, മരുന്നുസേവ, ഇന്‍സുലിന്‍ കുത്തിവയ്ക്കല്‍ എന്നിവയൊക്കെയാണവ. ഇന്നിപ്പോള്‍ ദൈനംദിന കുത്തിവെപ്പിനു പകരം കുറെനാളത്തേക്കുള്ള ഇന്‍സുലിന്‍ ഒരു ചെറിയ ടാങ്കില്‍ നിറച്ചുകൊണ്ട് ശരീരത്തില്‍ ഘടിപ്പിക്കാന്‍ പോലും ശാസ്ത്രത്തിന്റെ പുരോഗതികൊണ്ട് നമുക്ക് കഴിഞ്ഞു. പക്ഷെ ശാശ്വതമായ ഒരു പരിഹാരം -രോഗം മാറ്റാന്‍- ഇന്നും സാദ്ധ്യമായില്ല. മറിച്ച് ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണവും അതുമൂലമുള്ള കഷ്ഠതകളും വര്‍ദ്ധിക്കുകയാണുണ്ടായത്. ആധുനിക ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ”പ്രമേഹരോഗി മരണം വരെ പ്രമേഹരോഗിതന്നെ”
രോഗം രക്തത്തിലെ വര്‍ദ്ധിച്ചു വരുന്ന പഞ്ചസാരയാണെന്നും കാരണം ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ കുറവാണെന്നും ശാസ്ത്രം മനസിലാക്കി. രക്തത്തില്‍ വര്‍ദ്ധിച്ചു വരുന്ന പഞ്ചസാര കുറയ്ക്കാനും മൂത്രത്തിലെ പഞ്ചസാര ഇല്ലാതാക്കാനും വേണ്ടി വൈദ്യശാസ്ത്രം നിരന്തര പോരാട്ടം നടത്തിക്കൊണ്ടിരിക്കെയാണ് ഡോ. ബാന്ടിംഗും ബെസ്റ്റും ചേര്‍ന്നു ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ കണ്ടെത്തുന്നത്. വാര്‍ത്തയറിഞ്ഞ് വൈദ്യശാസ്ത്രജ്ഞരോടൊപ്പം ലക്ഷോപലക്ഷം പ്രമേഹരോഗികളും ആഹ്ലാദിച്ചു. എന്നാല്‍ ഈ കണ്ടുപിടുത്തം ശാശ്വതമായ ഒരു പരിഹാരമല്ല എന്നു വൈദ്യശാസ്ത്രത്തിനു പിന്നീട് ബോധ്യപ്പെടുകയായിരുന്നു. ഔഷധം നല്കി രോഗം നിയന്ത്രിച്ചാല്‍ പോലും ഏതാനും വര്‍ഷം കഴിയുമ്പോള്‍ പ്രമേഹരോഗികളുടെ ശരീരത്തില്‍ പല സങ്കീര്‍ണ്ണതകളും ഉടലെടുക്കുന്നു.
രോഗത്തിന്റെ വഴി
ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ശരീരത്തില്‍ എത്തുന്ന അന്നജം ചയാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട് ശരീരത്തിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കോശങ്ങള്‍ വലിച്ചെടുക്കുകയും ബാക്കിയുള്ളത് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനായി ഗ്ലൈക്കോജന്‍ എന്ന രൂപത്തില്‍ കരളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന ഗ്ലൈക്കോജന്‍ ശരീരത്തിനാവശ്യമാവുമ്പോള് ഗ്ലൂക്കഗോണ്‍ എന്നൊരു ഹോര്‍മോണിന്റെ സഹായത്തോടെ വീണ്ടും ഗ്ലൂക്കോസായി മാറ്റപ്പെടുന്ന പ്രവര്‍ത്തനവും ശരീരത്തില്‍ നടക്കുന്നുണ്ട്. ഈ പ്രക്രിയയെ സഹായിക്കുന്നത് ഇന്‍സുലിന്‍ ആണ്. പാന്‍ക്രിയാസിലെ ഐലറ്റ്സ് ഓഫ് ലാങ്ങര്‍ ഹാന്‍സിലെ ബീറ്റാകോശങ്ങളാണ് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്നത്. പാന്‍ക്രിയാസിനോ അനുബന്ധ ഗ്രന്ഥികള്‍ക്കോ ഉണ്ടാകുന്ന എന്തെങ്കിലും തകരാറ് മൂലം (ക്ഷീണം) ഇന്‍സുലിന്‍ ഉല്പാദിപ്പിക്കപ്പെടാതിരിക്കുകയോ, ഉല്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ആവശ്യത്തിന് മതിയാകാതെ വരികയോ, ഇന്സുലിനോട്ശരീരം പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ രക്തത്തിലുള്ള ഗ്ലൂക്കോസിനെ കോശങ്ങള്‍ക്ക് വലിച്ചെടുത്ത് ഉപയോഗിക്കാന്‍ കഴിയാതെ വരികയും (ഓക്സിഡേഷന് നടക്കാതിരിക്കുക) രക്തത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ഗ്ലൂക്കോസ് നിലനില്ക്കുകയും ചെയ്യുന്ന അവസ്ഥയെ പ്രമേഹം എന്ന് വിളിക്കുന്നു.
മറ്റെല്ലാ രോഗത്തെയും പോലെ പ്രമേഹത്തിന്റെ കാരണവും മനുഷ്യന്റെ തെറ്റായ ജീവിതചര്യതന്നെയാണെന്ന് സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ മനസ്സിലാകും. പക്ഷിമൃഗാദികളെപ്പോലെ പരിമിതമായ സ്വാതന്ത്ര്യത്തോടെ മാത്രം കഴിഞ്ഞിരുന്ന – പ്രകൃതിയുടെ അടിമയായി ജീവിച്ചിരുന്ന – മനുഷ്യന്റെ പൂര്‍വിക തലമുറകളില്‍ ഇത്തരം രോഗം ഉണ്ടായിരിക്കാനിടയില്ല. മനുഷ്യന്റെ ആര്ജിതവിജ്ഞാനം ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിലൊന്നാണ് പ്രമേഹം. നാഗരികത വളരെയൊന്നും സ്വാധീനിക്കാത്ത ഗ്രാമവാസികളില്‍ നഗരവാസികളെ അപേക്ഷിച്ച് പ്രമേഹം വളരെ കുറവുകാണുന്നു.
ആരോഗ്യം തൃപ്തികരമായിരിക്കണമെങ്കില് രക്തത്തിന്റെ സാന്ദ്രത ശരിയായിരിക്കണം. അതിനായി ആന്തരീകാവയവങ്ങള്‍ നിരന്തരം പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചിലത് ചയപചയമായി ബന്ധപ്പെട്ടും ചിലത് വിസര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. ഇവ ഓരോന്നിന്റേയും കര്‍മ്മങ്ങള്‍ വ്യത്യസ്തമാണെങ്കിലും ലക്ഷ്യം രക്തത്തിന്റെ സ്ഥിതിസ്ഥിരത നിലനിര്‍ത്തുകയെന്നതാണ്. ശരീരാവയവങ്ങള്‍ ഓരോന്നും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. അതിലൊന്നിനുണ്ടാകുന്ന തകരാറ് മറ്റുപല അവയവങ്ങളേയും ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് പ്രമേഹം ഇന്‍സുലിനുമായി ബന്ധപ്പെട്ടതാണെങ്കിലും അതുല്പാദിപ്പിക്കുന്ന പാന്ക്രിയാസിന്റേതല്ലാത്ത തകരാറുകൊണ്ടും പ്രമേഹം ഉണ്ടാകുന്നത്.
വിഷസങ്കലനം
രക്തത്തിന്റെ സ്ഥിതിസ്ഥിരത തെറ്റുന്നതിനെ വിഷസങ്കലനം എന്നു പറയുന്നു. ശരീരചൈതന്യം (ആരോഗ്യം) നല്ല നിലയില്‍ ആണെങ്കില്‍ രക്തത്തില്‍ എത്തിച്ചേരുന്നതും വിസര്‍ജ്ജനാവയവങ്ങള്‍ പുറംതള്ളുന്നതുമായ വിഷത്തിന്റെ അളവ് തുല്യമായിരിക്കും.
കേടുപാടുകള്‍ പരിഹരിക്കുവാന്‍ ശരീരത്തിനു സ്വന്തമായി കഴിവുണ്ട്. പ്രായമാകുന്നതോടെ സ്വാഭാവികമായുണ്ടാകുന്ന ക്ഷീണം എല്ലാ അവയവങ്ങളേയും ബാധിക്കാറുണ്ട്. ജീവിതചര്യയുടെ ഭാഗമായുള്ള ദുരുപയോഗം കാരണം ചില ഗ്രന്ഥികള്‍ നേരത്തെ തന്നെ ക്ഷീണിക്കാന്‍ ഇടയായാല്‍ വിഷങ്ങളെ യഥാസമയം പുറത്താക്കാന്‍ ശരീരത്തിന് കഴിയാതെ വരുകയും അവ രക്തത്തില്‍ തന്നെ നിലനില്ക്കുകയും ചെയ്യുന്നു. അതാണ് വിഷസങ്കലനം. അഥവാ രക്തത്തിന്റെ സ്ഥിതിസ്ഥിരത തെറ്റല്‍
വ്യക്തിയുടെ ജീവിതചര്യയുടെ ഭാഗമായും പാന്‍ക്രിയാസിന് ക്ഷീണം സംഭവിക്കാറുണ്ട്. പൂര്‍ണ്ണ കരുത്തോടെ ജനിച്ച വ്യക്തിയുടെ പിന്നീടുള്ള ജീവിതചര്യയും ഭക്ഷണരീതിയുമൊക്കെ ശരീരത്തിന് ദോഷം ചെയ്യുന്ന രീതിയിലാവുകയോ അവ പാന്ക്രിയാസിനു കൂടുതല്‍ ദോഷം ചെയ്യുന്ന രീതിയിലുമാണെങ്കില് പ്രസ്തുത അവയവം മാത്രം വേഗത്തില്‍ ക്ഷീണിച്ചു പോകുന്നു.
വിസര്ജ്ജനാവയവങ്ങളുടെ ക്ഷീണം മൂലമോ വിസര്ജ്ജനാവയവങ്ങള്ക്ക് പുറന്തളളാന്‍ കഴിയുന്നതിലും പതിന്മടങ്ങ് മാലിന്യങ്ങള്‍ അകത്തെത്തിചേരുന്നതിനാലോ രക്തത്തില്‍ വിഷസങ്കലനത്തിന്റെ തോത് വര്‍ദ്ധിക്കുകയും ദുഷിച്ച രക്തധാര എല്ലാ അവയവത്തിലും എത്തുകയും ചെയ്യുമ്പോള്‍ കരുത്തുള്ള അവയവങ്ങളൊക്കെ പിടിച്ചു നില്‍ക്കുമെങ്കിലും കരുത്തു കുറഞ്ഞ അവയവത്തിന് രക്തത്തിലെ കൂടിയ വിഷത്തെ താങ്ങാന്‍ കഴിയാതെ വരും. ഇവിടെ തമ്മില്‍ കരുത്തു കുറഞ്ഞ അവയവം പാന്ക്രിയാസായതിനാല് അത് രക്തത്തിലെ കൂടിയ വിഷത്തെ അതിജീവിക്കാന്‍ കഴിയാതെ വിമ്മിട്ടപ്പെടാന് തുടങ്ങും. ആ വിമ്മിട്ടത്തിന്റെ ഭാഗമായി അതിന്റെ ജോലിക്ക് തടസ്സം നേരിടുന്നു. തല്‍ഫലമായി പ്രമേഹം ഉണ്ടാകുന്നു. അതു കൊണ്ടാണ് തെറ്റായ ഭക്ഷണരീതിയും തെറ്റായ ജീവിത ചര്യയും തുടരുന്ന എല്ലാവരിലും പ്രമേഹരോഗം തന്നെ പ്രത്യക്ഷപ്പെടാത്തത്. ഒരേ ആഹാരക്രമം തന്നെ തുടര്‍ന്നു വരുന്ന വീട്ടില്‍ ഒരാള്‍ക്ക് പ്രമേഹമാണെങ്കില്‍ മറ്റൊരാള്‍ക്ക് ആസ്തമയോ, ഇനിയൊരാള്‍ക്ക് ബ്ലഡ് പ്രഷറോ, കരള്‍ രോഗമോ ഒക്കെ വരുന്നതിന്റെ കാരണം ഓരോരുത്തരിലും എല്ലാ അവയവങ്ങളും തുല്യ കരുത്തോടെ അല്ലാത്തതിനാലാണ്.
പാരമ്പര്യം
ചെറിയൊരു ശതമാനം പേരില്‍ പാരമ്പര്യമായും പ്രമേഹരോഗം കണ്ടു വരുന്നു. അച്ഛന്റേതുപോലെത്തെ മൂക്ക് അമ്മയുടേതുപോലെത്തെ കണ്ണ് എന്ന പോലെ മാതാപിതാക്കളിലാര്‍ക്കെങ്കിലും പാന്‍ക്രിയാസിന് ക്ഷീണമുണ്ടായിരുന്നെങ്കില് ആ ക്ഷീണം മക്കള്‍ക്കും കിട്ടികൂടായ്കയില്ല. എന്നാല്‍ പാരമ്പര്യത്തിലുപരി രോഗത്തിന്റെ മുഖ്യകാരണം പാരമ്പര്യമായി തുടര്‍ന്നു വന്നിരുന്ന രോഗകാരണമായ ജീവിതരീതിയായിരുന്നു എന്ന് കണ്ടെത്താവുന്നതാണ്.
ചില മരുന്നുകളുടെയും മറ്റും വര്‍ധിച്ച ഉപയോഗം, പോഷണക്കുറവ്, ചില ഹോര്‍മോണുകളുടെ അമിതമായ ഉല്‍പ്പാദനം (പിറ്റിയൂട്ടറി ഗ്രന്ഥി, അഡ്രീനല്ഗ്രന്ഥി എന്നിവയുടെ അമിത പ്രവര്‍ത്തനം മൂലം ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്) എന്നിവയെല്ലാം രോഗകാരണങ്ങളായി ആധുനിക വൈദ്യശാസ്ത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇങ്ങനെ ഏതൊക്കെ കാരണങ്ങള്‍ കണ്ടെത്തിയാലും രോഗത്തിനു പിന്നില്‍ വിഷസങ്കലനം (രക്തത്തിന്റെ സാന്ദ്രത തെറ്റിയത്) ആണെന്ന് കണ്ടെത്താം.
പരിഹാരം പ്രകൃതി ജീവനത്തില്‍
പ്രവര്‍ത്തിക്കുമ്പോള്‍ കേട് വരികയും വിശ്രമത്തിലൂടെ സ്വയം നന്നാക്കുകയും ചെയ്യുന്ന ഒരു യന്ത്രമാണ് ശരീരം എന്നു പറയാം. കേടുപാടുകള്‍ പരിഹരിക്കുവാന്‍ സ്വന്തമായി കഴിവുണ്ടെങ്കിലും അമിതാധ്വാനം നിമിത്തം കാലക്രമത്തില്‍ ക്ഷീണം ബാധിച്ച് ശരീരത്തിന് വേണ്ടത്ര കരുത്തോടെ പ്രവര്‍ത്തിക്കാനാകാതെ വരുന്നു. ഇത് പ്രകൃതിയുടെ സനാതന നിയമമാകുന്നു.
ആധുനിക മനുഷ്യന്റെ ജീവിതസാഹചര്യങ്ങള്‍ പലതും ജീവന്റെ മഹാനിയമത്തിനുയോജിച്ചതല്ല. ശരീരത്തോട് സഹകരിക്കാത്ത ജീവിതരീതി തുടരുന്നവരുടെ ശരീരത്തില്‍ ജീവച്ഛക്തി (പ്രാണശക്തി) കുറഞ്ഞു വരും. ജീവച്ഛക്തി കുറഞ്ഞ ശരീരത്തില്‍ വിസര്‍ജ്ജന പ്രവര്‍ത്തികള്‍ മന്ദഗതിയിലാവും നടക്കുക. തന്മൂലം രക്ത ശുദ്ധീകരണം ശരിയായ രീതിയിലല്ലാതാവുന്നതോടൊപ്പം രക്തത്തില്‍ വിഷത്തിന്റെ തോത് വര്‍ദ്ധിക്കാനും തുടങ്ങും . മാലിന്യ വിസര്‍ജ്ജനം വേണ്ടത്ര നടക്കാതെ വരുമ്പോള്‍ കാലക്രമത്തില്‍ ശരീരത്തിന്റെ സഹനശക്തി വര്‍ദ്ധിക്കുകയും കൂടിയ വിഷസങ്കലനം രക്തത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.
പ്രകൃതിയോട് യോജിക്കാത്ത ജീവിത രീതികളാണ് മറ്റേതൊരു രോഗത്തിനുമെന്നത് പോലെ പ്രമേഹത്തിനും ആധാരമെന്ന് പ്രകൃതി ചികിത്സകര്‍ അടിച്ചുയുറച്ച് വിശ്വസിക്കുന്നു. മുലപ്പാലിന് പകരം മൃഗങ്ങളുടെ പാല് കൊടുത്ത് വളര്‍ത്തുന്ന കുട്ടികളില്‍ രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പശുവിന് പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ (കേസീന്) ശരീരത്തിന് ഉപയുക്തമായ രീതിയില്‍ ആക്കി തീര്‍ക്കാന്‍ മനുഷ്യകുഞ്ഞുങ്ങള്‍ക്ക് സാധിക്കുന്നില്ല. പശുവിന് പാലിലെ പ്രോട്ടീനിനെതിരായി നിര്‍മ്മിക്കപ്പെടുന്ന പ്രതിവസ്തുക്കള്‍ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ നശിപ്പിക്കാന്‍ ഇടയാവുകയും ഇത് കുഞ്ഞുങ്ങളില്‍ രോഗ കാരണമാവുകയും ചെയ്യുന്നു.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരവാസികളിലും ദരിദ്രരെ അപേക്ഷിച്ച് സമ്പന്നരിലുമാണ് പ്രമേഹം കൂടുതലും കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണവുമായി പ്രമേഹരോഗത്തിന് അടുത്തബന്ധമുണ്ടെന്ന് മനസ്സിലാക്കാം. മറ്റുവികസിത രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ കൃത്രിമ ഇന്‍സുലിനെ ആശ്രയിക്കുന്ന പ്രമേഹരോഗികള്‍ കുറവാണ്. ഇതും ഭക്ഷണവുമായി ബന്ധപ്പെട്ടതുതന്നെ. അവിടങ്ങളിലെ ജനങ്ങള്‍ കൃത്രിമ ഭക്ഷണത്തിനാണ് ഊന്നല്‍ നല്കി വരുന്നത്. നമ്മുടെ ഗ്രാമങ്ങളില്‍ രാസവസ്തുക്കളടങ്ങിയ കൃത്രിമ ഭക്ഷണം വ്യാപകമായിട്ടില്ല, വൈകാതെ നമ്മളും കൃത്രിമ ഇന്‍സുലിനെ ആശ്രയിക്കുന്ന (ഇന്‍സുലിന്‍ ഡിപ്പന്റേഡ് ഡൈബറ്റിക്ക് മെല്ലിറ്റ്) പ്രമേഹരോഗികളായിത്തീരും. കാരണം നമ്മുടെ ഭക്ഷണ സംസ്കാരവും മാറിക്കൊണ്ടിരിക്കുകയാണ്.
ഏതെങ്കിലും ഒരവയവത്തിനു ക്ഷീണം സംഭവിച്ചാല്‍ പിന്നെ ആ അവയവത്തിനു വിശ്രമം നല്‍കലാണ് പ്രകൃതി ചികിത്സ. പ്രമേഹരോഗികളില്‍ ക്ഷീണം സംഭവിച്ചിട്ടുള്ളത് ആന്തരീകാവയവങ്ങള്ക്കാണ്. ആന്തരീകാവയവങ്ങള്‍ക്ക് വിശ്രമം ലഭിക്കണമെങ്കില്‍ ഭക്ഷണം കഴിക്കാതിരിക്കണം. ഉപവസിക്കണം. ഏറെ തെറ്റിദ്ധാരണക്കിടവന്നിട്ടുള്ള ഒന്നാണ് ഉപവാസം. പ്രമേഹരോഗികള്‍ക്ക് ഒരു നേരത്തെ ആഹാരം പോലും ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് പലരുടേയും ധാരണ. പ്രകൃതി ചികിത്സയനുഷ്ഠിക്കുന്ന പ്രമേഹരോഗികള്‍ ഒന്നല്ല തുടര്‍ച്ചയായി ദിവസങ്ങളോളം ശുദ്ധജലം മാത്രം കഴിച്ചുകൊണ്ട് ഉപവസിക്കാറുണ്ട്. ഇത്തരത്തില്‍ ഉപവസിച്ചവരില്‍ പിന്നീട് ഔഷധസേവ ഒഴിവാക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിച്ചു നിര്‍ത്തുവാനും കഴിയുന്നുണ്ട്. ശരീരാവയവങ്ങള്ക്കുവരുന്ന ക്ഷീണം സ്വയം തീര്‍ക്കാന്‍ ശരീരത്തിനു കഴിവുണ്ട്. അതിനു വിശ്രമം വേണം. ഉപവാസസമയത്ത് ദഹനത്തിനായി പ്രവര്ത്തിക്കേണ്ടതില്ലാത്തതിനാല് പാന്‍ക്രിയാസിനും കരളിനും മാത്രമല്ല പിറ്റുട്ടറി ഗ്രന്ഥിക്കുപോലും വിശ്രമം ലഭിക്കുന്നു. രോഗം മാറുകയും ചെയ്യുന്നു. ഉപവാസത്തോടനുബന്ധിച്ചുണ്ടായ ശാരീരിക പ്രത്യേകതകളെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുന്നത് ഉപവാസം കൂടുതല്‍ എളുപ്പമാക്കും.