ഇതൊരു ശാന്തികുടീരംതന്നെ. [മാര്‍ച്ച് 2011]

0

velaകെ. എ. വേലായുധന്‍നായര്‍,

രാഗമാലിക, മഹാത്മാഗാന്ധി റോഡ്, എം. ജി. കാവ്, തൃശ്ശൂര്‍-680 581
ഫോണ്‍: 04872204906
2011 ജനുവരി 1-ാം തിയ്യതി. എല്ലാവരും പുതുസംവത്സരാശംസകൾ അന്യോന്യം കൈമാറുമ്പോൾ, ഞങ്ങൾ (ഞാനും സഹധർമണി ശാരദാ നായരും) പുറപ്പെടുകയായിരുന്നു. ലക്ഷ്യം തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയം.
തൃശ്ശൂർ ജില്ലയിലെ തിരൂരിൽനിന്ന് സുമാർ 75 കിലോമീറ്റർ യാത്രചെയ്ത് മലപ്പുറം ജില്ലയിലെ തിരൂരിലെ പ്രകൃതിഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയത്തിലെത്തി. പ്രകൃതി രമണീയമായ അന്തരീക്ഷം. തിരൂർ പുഴയുടെ തീരത്ത് തികച്ചും ഗ്രാമീണശാലീനതയിൽ പണിതീർത്ത അതിമനോഹരമായ ഒരു കൊച്ചുകെട്ടിട സമുച്ചയം. നവീനസൗകര്യാദികളോടെ പണിതുയർത്തിയ, എന്നാൽ പ്രകൃതിദത്തമായ മുള, തെങ്ങോല എന്നീപദാർത്ഥങ്ങൾ ഉപയോഗിച്ച് മനോഹരമാക്കിയ താമസസൗകര്യങ്ങൾ. ആകെ അന്തരീക്ഷം പ്രശാന്ത സുന്ദരം.DSC_0517
ഡോക്ടർ പി. എ.രാധാകൃഷ്ണൻ, പ്രകൃതിചികിത്സയിലെ ‘ഓർത്തോപതി’ എന്ന ശാസ്ത്രീയ ചികിത്സാരീതി അനുസരിച്ച്, കഴിഞ്ഞ 25 വർഷങ്ങളായി വിജയകരമായി സേവനം അനുഷ്ഠിച്ചുവരുന്ന ഇദ്ദേഹമാണ് ഇതിന്റെ മുഖ്യസാരഥി.
തൃശൂരിൽ നിന്ന് 2 മണിക്കൂർ യാത്ര; മലബാറിന്റെ ഗ്രാമഭംഗികളിലൂടെ. ഞങ്ങൾചെന്നു കയറിയത് ഒരു ശാന്തികുടീരത്തിലേക്കല്ലെ? അതെ തികച്ചും. ഇതൊരു ശാന്തികുടീരംതന്നെ.
ഡോക്ടർ രാധാകൃഷ്ണനെ സന്ദർശിക്കലായിരുന്നു ആദ്യത്തെ പരിപാടി. ഓലമേഞ്ഞ ഒരു കെട്ടിടത്തിലെ ഒരു ചെറിയ മുറിയിൽ ഞങ്ങളിരുന്നു. രോഗവിരങ്ങൾ പറഞ്ഞു. ഡോക്ടർ ചിലകുറിപ്പുകൾ എഴുതി രേഖപ്പെടുത്തി. പിന്നീട് ഞാനും ഭാര്യ ശാരദയും ഞങ്ങൾക്കനുവദിച്ച ”മകീര്യം” എന്ന മുറിയിലേക്കാനയിക്കപ്പെട്ടു; ചികിത്സകൾ ഉടൻ തുടങ്ങുകയായി.
ശാരദ ഒരു പ്രമേഹ രോഗിയാണ്. അലോപ്പതി മരുന്നുകൾ തുടർച്ചയായി കഴിക്കുന്നു. കുറേയേറെ വർഷങ്ങളായി മരുന്നെന്ന ഈ രാസ വസ്തുക്കൾ അകത്ത് ചെല്ലാൻ തുടങ്ങിയിട്ട്. ഇതൊഴിവാക്കണമെന്നും പൂർണ്ണ രോഗമുക്തി കൈവരുത്തണമെന്നുമായിരുന്നു ഞങ്ങളുടെ ആഗ്രഹം.
ചികിത്സതുടങ്ങി, പക്ഷെ മരുന്നെന്ന ഒരു ഇനം മാത്രം എങ്ങും കണ്ടില്ല. മരുന്നില്ലാചികിത്സ! അത്ഭുതംതന്നെ. ഇത് സാധാരണ ജനങ്ങൾ കേട്ടുകാണുമോ?
”നീ കഴിക്കുന്ന ഭക്ഷണമാണ് നിന്റെമരുന്ന്” എന്നു ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രട്ടിസിന്റെ സുപ്രധാന മൊഴി അടിസ്ഥാ നമാക്കിയതും പ്രകൃതിചികിത്സയിലെ ”ഓർത്തോപ്പതി” എന്ന മാര്‍ഗ്ഗത്തിലൂടെ ഉരുത്തിരിഞ്ഞതുമായ ഒരു ചികിത്സാരീതിയാണ് ഡോ. രാധാകൃഷ്ണന്റെത്. ശുദ്ധമായ വായു, ശുദ്ധജലം, മിതമായ ജൈവഭക്ഷണം, വ്യായാമം, വിശ്രമം എന്നിവയിലൂടെ പ്രകൃതിദത്തമായ ആരോഗ്യ പരിരക്ഷണത്തെ സമീപിക്കുന്ന മാര്‍ഗ്ഗമാണ് ഇത്. ഇതില്‍ വിജയം കണ്ടെത്തുന്നു എന്ന പരമാര്‍ത്ഥമാണ് ഞങ്ങള്‍ക്ക് ബോദ്ധ്യമായത്.
അതിരാവിലെ തുടങ്ങുന്ന ചികിത്സാക്രമങ്ങള്‍ ദേഹം തിരുമ്മല്‍ പ്രക്രിയയോടെ ആരംഭിക്കുന്നു. കരിക്കിന്‍ വെള്ളം, പഴവര്‍ഗങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, കായ്കറികള്‍ക്ക് ഊന്നല്‍കൊടുത്തുകൊണ്ടുള്ള ഉച്ചഭക്ഷണത്തില്‍ ചോറ്, അവിയല്‍, തേങ്ങാചമ്മന്തി, ഒരൊഴിച്ചുകൂട്ടാന്‍ എന്നിവയുണ്ടായിരിക്കും. പച്ചക്കറിസൂപ്പ്. കുടിക്കാന്‍; നാരങ്ങാവെള്ളമോ, നെല്ലിക്കാവെള്ളമോ, ഏതെങ്കിലുമൊന്ന്. വൈകീട്ട് 4 മണിമുതല്‍ 5 മണിവരെ വ്യായാമ സമയമാണ്. യോഗാക്ലാസ്സാണ് മുഖ്യം.DSC04839
ആഴ്ചയിലൊരിക്കല്‍ വെജിറ്റബിള്‍ ബിരിയാണിയുണ്ട്. ഓരോരുത്തര്‍ക്കും അപ്പോഴപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണ/ പാനീയവിഭവങ്ങളാണ് കൊടുക്കുക.
തിരൂര്‍ പുഴയുടെ തീരത്ത് രാവിലെയും വൈകുന്നേരവും ഇളംവെയില്‍ ആസ്വദിക്കുന്ന ചികിത്സാര്‍ത്ഥികളുടെ കാഴ്ചകൗതുകമുണര്‍ത്തുന്നതാണ്.
പ്രകൃതിഭക്ഷണം ഉണ്ടാക്കുന്നതില്‍ ചികിത്സാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികള്‍ ഏറ്റവും പ്രശംസാര്‍ഹമാണ്. അവരവരുടെ വീടുകളില്‍ പ്രകൃതിവിഭവങ്ങള്‍ ഒരുക്കാനുള്ള പരിശീലനമെന്ന ഉദ്ദ്യേശമാണിതിനുള്ളത്. എണ്ണ ഒട്ടുമില്ലാത്ത, കോല്‍പുളിചേര്‍ക്കാത്ത, ചുകന്നമുളകുപയോഗിക്കാത്ത, വേണ്ടുവോളം തേങ്ങ ചുരണ്ടിച്ചേര്‍ക്കുന്ന ഈ പ്രകൃതി പാചകരീതി ഏറെ എളുപ്പവും ഒട്ടേറെ സ്വാദിഷ്ടവുമാണ്.
ഇവിടുത്തെ ചികിത്സാ മുറകളില്‍, മിക്കവര്‍ക്കും, മിക്കപ്പോഴും ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ് ഉപവാസം. രണ്ടും മൂന്നും ദിവസങ്ങള്‍, ചിലപ്പോള്‍ അതിലധികവും ഉപവാസമെടുത്താലും പ്രസന്നഭാവത്തോടെ കഴിയുന്ന ചികിത്സാര്‍ത്ഥികള്‍, ഉപവാസത്തെക്കുറിച്ച് നിലനില്‍ക്കുന്ന പലവികല ധാരണകള്‍ക്കും ആശങ്കകള്‍ക്കും ഉള്ള മറുപടിയാണ്.
ഡോക്ടര്‍ വിളിച്ചുകൂട്ടുന്ന യോഗത്തില്‍ എല്ലാ ചികിത്സാര്‍ത്ഥികളും പങ്കെടുക്കുന്നു. അവരുടെ സംശയങ്ങളെല്ലാംതന്നെ അവിടെ ഉന്നയിക്കാം. ഡോക്ടര്‍ അവയ്‌ക്കെല്ലാം സരളവും ഫലപ്രദവുമായ മറുപടി പറയുന്നു.
ചികിത്സാര്‍ത്ഥികളുടെ ഒത്തുചേരലുണ്ട്. കൗതുകകരമായ ഈ കൂട്ടായ്മ ഒട്ടേറെ ആഹ്ലാദപ്രദമാണ്. ചിലര്‍ പാട്ടുപാടുന്നു, ഒരാള്‍ കഥപറയുന്നു, മറ്റൊരാള്‍ ചില അനുഭവരംഗങ്ങള്‍ കാഴ്ചവെക്കുന്നു. സ്റ്റാഫില്‍പെട്ടവരും ഈ കലാപരിപാടികളില്‍ പങ്കെടുക്കുന്നു. അങ്ങിനെ, ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ഒന്നുരണ്ടുമണിക്കൂറുകള്‍ ഉല്ലാസമായി ചിലവഴിക്കപ്പെടുന്നു.
ചിലപ്പോള്‍, ചികിത്സാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന ഉല്ലാസ യാത്രകളുണ്ടാവും. അത്തരമൊരു യാത്രയില്‍ ഞങ്ങള്‍ ‘തുഞ്ചന്‍സ്മാരകം’ സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം അഴിമുഖത്ത് സൂര്യാസ്തമനവും കണ്ടു.
ക്രമേണ ഒരു കുടംബത്തിലെ അംഗങ്ങളെപ്പോലെയായി അവിടുത്തെ ചികിത്സാര്‍ത്ഥികളെല്ലാം. ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പാലിക്കുന്ന ചിട്ടയാണ് പ്രശംസാഹര്‍മാക്കുന്നത്. ഓരോ ചികിത്സാര്‍ത്ഥിക്കും അവര്‍ക്കുദ്ദേശിക്കപ്പെടുന്ന ചികിത്സാസേവനങ്ങളും ഭക്ഷണ/ പാനീയപദാര്‍ത്ഥങ്ങളും അതത് സമയത്ത് കൃത്യമായെത്തിക്കുന്ന സേവനപ്രതിബദ്ധതയുള്ള കുറെ സ്റ്റാഫ് അംഗങ്ങള്‍, അതിരാവിലെ 3 മണി മുതല്‍ അടുക്കളയില്‍ കര്‍മ്മനിരതരാകുന്ന മറ്റൊരുകൂട്ടര്‍, മൊത്തം വാസസ്ഥലങ്ങളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്ന ഇനിയും വേറെ സ്റ്റാഫ് അംഗങ്ങള്‍, ഇവരെല്ലാം ചേര്‍ന്നു സേവനത്തിന്റെ ഉചിതമാതൃകയായി തിളങ്ങുകയാണിവിടെ.
കൂടാതെ സ്ഥാപനത്തില്‍ ഡോക്ടര്‍ സുനിലയുടെ സേവന സാന്നിദ്ധ്യം സദാ ലഭ്യമാണെന്നുള്ളത് എടുത്ത് പറയത്തക്കതാണ്. മേനേജര്‍ മോഹന്‍ദാസ് തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ അവിടമെങ്ങും പ്രത്യക്ഷമായി നിറഞ്ഞുനില്‍ക്കുന്നു. മൊത്തത്തില്‍, ഡോക്ടര്‍ രാധാകൃഷ്ണന്റെ ഈ ചികിത്സാലയം സ്‌നേഹപൂര്‍ണ്ണമായി പരിശോഭിക്കുന്നു!
പതിനാറ് അവസ്മരണീയമായ ദിനരാത്രങ്ങള്‍ക്കുശേഷം, കൊണ്ടുവന്ന ഇംഗ്ലീഷ് മരുന്നുകളെല്ലാം തിരികെ പൊതിഞ്ഞുകെട്ടി പെട്ടിയില്‍ തിരുകി, ഇനി അവയുടെ ഉപയോഗം വരാതിരിക്കട്ടെയെന്ന് പ്രത്യാശിച്ചുകൊണ്ട് തിരികെപോകുകയാണ്; ഒരു സുഖവാസസ്ഥലത്ത് കുറെ ദിവസങ്ങള്‍ ആനന്ദപ്രദമായി കഴിച്ചുകൂട്ടിയ പ്രതീതിയില്‍.
ഒപ്പം അറിയാതെ ഒരു താരതമ്യം മനസ്സിലുദിച്ചു: മനം മടുപ്പിക്കുന്ന അലോപ്പതി ആശുപത്രി അന്തരീക്ഷത്തില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് എത്തിപ്പെടാന്‍ തിടുക്കപ്പെട്ട ചിലമുന്‍ അനുഭവങ്ങള്‍!
.

Share.

Leave A Reply

Connect with Facebook