വൃക്ഷങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം [2011 മാര്‍ച്ച്‌]

0

1.The-Dark-Hedges-in-Northern-Ireland-20-Magical-Tree-Tunnels-You-Should-Definitely-Take-A-Walk-Throughരാജഭരണകാലത്ത് പാതയോരങ്ങളില്‍ മരങ്ങള്‍ നടുക എന്ന പതിവുണ്ടായിരുന്നു. അന്ന് നട്ട മരങ്ങളില്‍ പ്രധാനികള്‍ മാവും പ്ലാവുമായിരുന്നു. ആ പ്ലാവുകളും മാവുകളും കോടിക്കണക്കിന് ജീലജാലങ്ങള്‍ക്ക് കിടപ്പാടം ഒരുക്കിക്കൊടുത്തു. ശുദ്ധവായു കൊടുത്തു, അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ പിടിച്ചെടുത്തു. തണലേകി ഭക്ഷണംകൊടുത്തു. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം വന്നസര്‍ക്കാരുകള്‍ വികസനമെന്ന അശ്ലീലത്തിന്റെ പിടിയിലായപ്പോള്‍ പൊതുമരാമത്ത്കാരുടെ കഴുകന്‍കണ്ണുകള്‍ തണല്‍മരങ്ങളില്‍ ഭൂരിപക്ഷത്തേയും വേട്ടയാടപ്പെട്ടു. അവശേഷിക്കുന്നവ നാടിന്റെ നാനാഭാഗത്തായി എപ്പോഴാണ് തന്റെമേല്‍ കൊലക്കയര്‍ വീഴുകയെന്ന ഭീതിയോടെ നില്‍ക്കുന്നുമുണ്ട്. പുതിയതായി സര്‍ക്കാരിതരമനുഷ്യസ്‌നേഹികള്‍ നട്ടുപിടിപ്പിച്ച അനേകായിരം മരങ്ങള്‍ പൊതുമരാമത്തിന്റെ പീഢനങ്ങള്‍ സഹിച്ചാണ് പാതയോരങ്ങളില്‍ നില്‍ക്കുന്നത്. പീഢനത്തില്‍ പ്രധാനം നമ്പരിടലാണ്. മരങ്ങളുടെ തൊലിചെത്തിക്കളഞ്ഞാണ് ഈ മരബുദ്ധിമാന്മാര്‍ നമ്പരിടുന്നത്. ഈ അരും കൊല നിറുത്തിവെക്കണം. മരത്തെരക്ഷിക്കാന്‍ മന്ത്രിയിറങ്ങിയാലും രക്ഷയില്ലെന്ന ഗതികേടിലാണ് കേരളം. മരങ്ങളെ ഇത്രമാത്രം അവഗണിക്കുന്ന മനുഷ്യര്‍ കേരളീയരെപ്പോലെ മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ റോഡ്‌വക്കിലുള്ള മരക്കൊമ്പുകളില്‍ റിഫ്‌ളക്ടര്‍ പിടിപ്പിക്കുന്നു. ഡല്‍ഹിയിലും പൂനയിലും മറ്റും നമുക്കാകാഴ്ച കാണാം. അതേസമയം ഇവിടെ മരക്കൊമ്പുകളില്‍ ആണിയടിക്കപ്പെട്ട മൂലക്കുരുവും കുഴല്‍കിണറുകളുമാണ്. നാടിന്റെ സകലമാന പരസ്യബോര്‍ഡുകളും കയറിക്കിടക്കുന്നിടമായിരിക്കുന്നു മരങ്ങള്‍. ഇതനുവദിക്കരുത്. ഇതിനൊക്കെപ്പുറമെ ചപ്പ്ചവറുകള്‍ അടിച്ച്‌വാരി മരത്തിന്റെ കടയ്ക്കലിട്ട് കത്തിക്കുന്ന ഒരു പ്രവണതയും നാട്ടുകാരുടെ വകയായി കണ്ടുവരുന്നു. മരങ്ങള്‍ക്കെതിരായിനടക്കുന്ന എല്ലാദുഷ്പ്രവണതകളേയും തടയണം. മനുഷ്യരില്ലെങ്കിലും മരങ്ങള്‍ ജീവിക്കും. എന്നാല്‍ മരങ്ങളില്ലാതെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാദ്ധ്യമല്ല. തൃശൂര്‍ മുതല്‍ പാലക്കാട് വരെ സഞ്ചരിക്കുന്ന രെു പ്രകൃതിസ്‌നേഹിക്ക് ഏറ്റവും ഹൃദയഭേദകമായ കാഴ്ചയാണ് കാണാന്‍ കഴിയുക. എത്രയെത്ര കൂറ്റന്‍ മരങ്ങളാണ് ഈ വികസന ദ്രോഹികള്‍ വെട്ടിമുറിച്ചിട്ടിരിക്കുന്നത്. വികസനമാണത്രെ- വികസനം. ഈ വികസനമെല്ലാം മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കുക, നട്ട് പിടിപ്പിച്ചവ വെട്ടാതിരിക്കുക മരങ്ങളില്‍ ബോര്‍ഡുകളും, ബാനറുകളും, കൊടികളും പിടിപ്പിച്ച് അവയെ ദ്രോഹിക്കാതിരിക്കുക. ജീവനുള്ള മനുഷ്യന്റെ മേല്‍ ആണിയടിച്ചാല്‍ അവന് സഹിക്കുമോ? മരങ്ങള്‍ക്കും ജീവനുണ്ടെന്ന സത്യം മനുഷ്യര്‍ മറക്കാതിരിക്കുക. മന്ത്രിമാരും കളക്ടര്‍മാരും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന നമ്മുടെ പൊതുനിരത്തുകളുടെ വക്കില്‍ സമൂഹത്തിന് ഗുണം ചെയ്ത് പരിലസിക്കുന്ന നമ്മുടെ തണല്‍മരങ്ങളെ ദ്രോഹിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ എന്തുകൊണ്ടിവര്‍ നടപടിയെടുക്കുന്നില്ല?

Share.

Leave A Reply

Connect with Facebook