രോഗം വരാന്‍ പാടുണ്ടോ [ഡിസ: 2009]

0
Awesome

ചോദ്യം:
കഴിഞ്ഞലക്കം നേച്വറല്‍ ഹൈജിനില്‍ വന്ന ജോസഫ് പ്രതുലിന്റെ അനുഭവം വായിച്ചു. ആധുനികശാസ്ത്രം പ്രകൃതി ചികിത്സയുടെ മുന്നില്‍ നോക്കുകുത്തിയായി മാത്രം നില്‍ക്കേണ്ടിവന്നിരിക്കുന്നു എന്നതിന് ഒരു തെളിവുകൂടിയാണ് പ്രതുലിന്റെ അനുഭവം. പ്രകൃതി ചികിത്സയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് അല്‍പം ദുഃഖവും ഉണ്ടായി. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മകനും, പ്രകൃതിയോടും സമൂഹത്തോടും കൃഷിയോടുമൊക്കെ പ്രതിബദ്ധതയുണ്ടാക്കിയെടുക്കുന്നതില്‍ ബദ്ധശ്രദ്ധരായ അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ ജോസഫ് പ്രതുലിന് ഇങ്ങനെയൊരു രോഗം വരാന്‍ പാടുണ്ടോ? ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും രക്ഷയില്ലാതായോ?

പ്രഫുല്ലചന്ദ്രന്‍, മുടവന്‍ കാട്ടില്‍ കോണത്ത് കുന്ന്, പി. ഒ. തൃശൂര്‍

ഉത്തരം:
പ്രഫുല്ലചന്ദ്രന്റെ ചോദ്യം കണ്ട് അത്ഭുതം തോന്നി. പിന്നെ ജോസഫ് പ്രതുലിന് വന്നതുപോലുള്ള അപൂര്‍വരോഗങ്ങള്‍ പ്രകൃതി പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വരാന്‍ പാടില്ല എന്ന് പറയുന്നത് കാടടച്ച് വെടിവെക്കലാണ്. ആരോഗ്യമില്ലാത്ത അവസ്ഥയെയാണ് രോഗം എന്ന് പറയുന്നത്. രോഗം വരാതിരിക്കണമെങ്കില്‍ ആരോഗ്യം നിലനിര്‍ത്തുകയാണ് വേണ്ടത്. ശുദ്ധവായു, ശുദ്ധജലം, ശുദ്ധഭക്ഷണം, വ്യായാമം എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒത്ത് വരണം, ജോസഫ് പ്രതുല്‍ കാര്യങ്ങള്‍ മനസ്സിലാക്കി എന്നതുകൊണ്ട് മാത്രം ആരോഗ്യത്തിലേക്കുള്ള പാതയിലായിരുന്നു എന്നവകാശപ്പെടാന്‍ കഴിയില്ല. ഭക്ഷണത്തില്‍ അനുവര്‍ത്തിച്ചു വന്നിരുന്ന രീതി അഭിലഷണീയമായിരുന്നില്ല. ഇത് പ്രതുലിന്റെ മാത്രം കാര്യമല്ല. പരിസ്ഥിതി രംഗത്തും ജൈവകര്‍ഷകരംഗത്തും പ്രവര്‍ത്തിക്കുന്ന പലരുടെയും സ്ഥിതി ഇതുതന്നെയാണ്.
പ്രകൃതി ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും സ്ഥിതി വ്യത്യസ്ഥമല്ല. പ്രകൃതി ജീവനം നയിക്കുന്നവരും പ്രകൃതി ചികിത്സാലയം നടത്തുന്നവരുമായ പലരും പരിസ്ഥിതി രംഗത്തെ കാര്യങ്ങള്‍ അറിയാതെപോവുകയും പ്ലാസ്റ്റിക്ഗ്ലാസ്സില്‍ ജാപ്പിയും മറ്റും നല്‍കുകയും ജൈവഉല്‍പന്നമായ പച്ചക്കറികള്‍ കിട്ടിയാലും വിലകൂടുമെന്നതിനാല്‍ വേണ്ടന്ന് വയ്ക്കുന്നവരുമാണ്. പ്രകൃതി ചികിത്സ എന്നത് പത്ഥ്യചികിത്സയല്ല. തെറ്റായരീതികള്‍ അതില്‍ പിന്തുടരുന്നില്ലാ എന്ന് മാത്രം. അതുകൊണ്ട് തന്നെ ശരിയിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും അസുഖകാരണങ്ങള്‍ അപ്രത്യക്ഷമാകും. പ്രതുലിനും സംഭവിച്ചതിതാണ്. ശരിയായ രീതിയില്‍ ജീവിതം ക്രമപ്പെടുത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായി.
പ്രകൃതി ചികിത്സയോ, ജൈവകൃഷിയോ, പരിസ്ഥിതി പ്രവര്‍ത്തനമോ എന്നതല്ല. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയോ ആത്മാര്‍ത്ഥതയോ ഉണ്ടോ എന്നതാണ് നോക്കേണ്ടത്. പ്രകൃതി ചികിത്സകരും, പരിസ്ഥിതി പ്രവര്‍ത്തകരും, ജൈവകൃഷിക്കാരും എല്ലാം ഒരേ നാണയത്തിന്റെ വിവിധ വശങ്ങളാണെന്ന് മനസ്സിലാക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ അപ്രസക്തമാകും.

Share.

Leave A Reply

Connect with Facebook