യാത്ര [ഡിസ: 2009]

0

കരീം. കെ. പുറം [09495040513]

ആധുനിക സമൂഹം ഇന്ന് യാത്രയുടെ പിടിയിലാണ്. യാത്രചെയ്യരുതെന്ന് കരുതിയാലും യാത്രചെയ്യേണ്ടിവരും. എത്രയുംപെട്ടെന്ന് എത്തി ച്ചേരാനുള്ള തിരക്കിലാണ് നാമെല്ലാം. അതുകൊണ്ട് തന്നെ അതിനാവശ്യമായ സൗകര്യമൊരുക്കാന്‍ പ്രകൃതിയെ നമുക്ക് ഒരപാട് ഒരുപാട് ദ്രോഹിക്കേണ്ടി വന്നിട്ടുണ്ട്. മഞ്ചലിലും പല്ലക്കിലും കയറിയാത്രചെയ്തിരുന്നവര്‍ക്ക് life-is-a-journeyവേഗതയേറിയ അതേനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഇന്നും ലഭ്യമാണ്. കാല്‍നടക്കാര്‍ അന്നും ഇന്നും മാറ്റമില്ലാത്തയാത്ര തുടരുന്നു. സൈക്കിളില്‍നിന്ന് മോട്ടോര്‍ സൈക്കിളിലേക്കും, കാറിലേക്കും, ബസ്സിലേക്കും, വിമാനത്തിലേക്കും വളര്‍ന്നയാത്ര ഇന്ന് ഒരാള്‍ക്ക് ഒരു വിമാനം എന്ന നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കയാണ്. എന്നും സമൂഹത്തിന്റെ ധനഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടവര്‍ അവരുടെ താളത്തിനൊത്ത് യാത്രയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് ഏറ്റവും സൗകര്യപ്രദമായ യാത്രകള്‍ പൊതുജനങ്ങള്‍ക്ക് ഇന്നും ലഭ്യമായിട്ടില്ല. കേരളത്തില്‍ തെക്കേയറ്റം മുതല്‍ വടക്കേ അറ്റംവരെ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കുകയാണെങ്കില്‍ പൊതുനിരത്തുകളിലെ വാഹനഗതാഗതത്തിന്റെ തിരക്ക് കുറക്കാന്‍ കഴിയുമെന്ന് ഇവിടെ അധികാരികള്‍ക്കറിയാഞ്ഞിട്ടല്ല. അവരത് ചെയ്യില്ല. ഇവിടെ ബസ്സിലും ട്രെയിനിലും തിങ്ങിഞ്ഞെരിഞ്ഞ് പൊതുജനങ്ങള്‍ യാത്രചെയ്യേണ്ടത് അവരുടെ ആവശ്യമാണ്. എങ്കില്‍മാത്രമേ പൊതുജനങ്ങളെക്കൊണ്ട് തന്നെ പണക്കാരന്റെ വാഹനം മാത്രം ഓടാന്‍കഴിയുന്ന എക്‌സ്പ്രസ്സ് ഹൈവെ ആവശ്യമാണെന്ന് പറയിക്കാന്‍ കഴിയൂ. പെട്രോളിന്റെ ലഭ്യത അനന്തമായ സാദ്ധ്യതയല്ലെന്ന് അതേക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നുണ്ടെങ്കിലും പുതിയ പുതിയ മോഡലുകളില്‍ പുതിയകാറുകളും മറ്റും നിത്യേന ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ധനംവേണ്ടാത്ത വാഹനമായ സൈക്കിളിനെ കേരളത്തിലെ പൊങ്ങച്ചനഗരങ്ങള്‍ക്കും പൊങ്ങച്ച ഗ്രാമങ്ങള്‍ക്കും ഇന്ന് പുച്ഛമായിരിക്കുന്നു. അവന് റോഡില്‍ യാതൊരു പരിഗണനയും കിട്ടുന്നില്ല. സൈക്കിള്‍യാത്രക്കാരനും, കാല്‍നടക്കാരനും ഇന്ന് ജീവന്‍പണയംവെച്ചുകൊണ്ടാണ് പൊതുനിരത്തില്‍ സഞ്ചരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വന്തംമന്ത്രിക്ക് മരണപ്പാച്ചില്‍പാഞ്ഞ് തിരുവനന്തപുരത്തുനിന്ന് കണ്ണൂരെത്തണമെങ്കില്‍ നിരവധിപേരെ ഇടിച്ചു തെറിപ്പിച്ചിട്ടുവേണ്ടിയിരിക്കുന്നുയാത്ര. കേരളത്തിലെ ബസ്സ്‌യാത്രക്കാരില്‍ മുക്കാല്‍ പങ്കും, ആശുപത്രികളിലേക്കോ, അതുമായി ബന്ധപ്പെട്ട ആവശ്യ ങ്ങള്‍ക്കോ വേണ്ടിയിട്ടാണ് മുഖ്യമായും യാത്രചെയ്യുന്നത്. കേരളീയന്റെ ജീവിതം ബസ്സും ആശുപത്രിയുമായിബന്ധം കിടക്കുന്നു. ആശുപത്രിയില്‍ കിടക്കുന്നവനെ സന്ദര്‍ശിക്കാന്‍ അവന്റെ ബന്ധുമിത്രാദികള്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കയാണ്. ആശുപത്രികളിലേക്കുള്ളയാത്ര ഒഴിവാക്കാവുന്നതേയുള്ളൂവെന്ന് പ്രകൃതി ചികിത്സകര്‍ പറയുമ്പോള്‍ അതിനെ വിമര്‍ശിക്കാനല്ലാതെ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ ഈ തെരഞ്ഞെടുപ്പ്‌രാഷ്ട്രീയക്കാരിതുവരെ തുനിഞ്ഞിട്ടില്ല. അതുകൊണ്ട്തന്നെ. വീടുംപറമ്പും നമ്മുടെ പൊതുസ്വത്തുക്കളും തകര്‍ത്തുകൊണ്ടിവിടെ ദശവരിപ്പാതനിര്‍മാണങ്ങള്‍ തകൃതിയായി നടക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുന്നു.
കേരളത്തിലെ യാത്രക്കാരിലധികവും ബസ്സ്‌യാത്രക്കാരായതുകൊണ്ട് കേരളീയരുടെ പൊതുസ്വഭാവമളക്കാന്‍ ബസ്സ് യാത്രമതിയാവും. ബസ്സില്‍ അമ്പത് സീറ്റ് കാലിയാണെങ്കിലും ബസ്സിലേക്ക് കയറാനുള്ള പത്ത് പേര്‍ ഇടിയിട്ടേ കയറൂ. അതൊരു ശീലമായിപ്പോയി. ക്യൂപാലിക്കാനല്ല ക്യൂപാലിക്കാന്‍ പാടില്ലെന്നാണിവിടത്തെ നിയമം. സംവരണ സീറ്റിലൊഴികെ സ്ത്രീകള്‍ക്കിരിക്കാന്‍ പാടില്ലെന്നാണ് സ്ത്രീയാത്രക്കാരിലെ ഭൂരിപക്ഷവും ധരിച്ചുവെച്ചിരിക്കുന്നത്. ജനറല്‍ സീറ്റിലിരിക്കുന്ന സ്ത്രീയുടെഅടുത്തിരിക്കാന്‍ പുരുഷനും പുരുഷന്റെ അടുത്തിരിക്കാന്‍ സ്ത്രീക്കും ഭയമാണ്. കാരണം കേരളത്തിലെ പുരുഷന്മാരിലെ ഭൂരിപക്ഷത്തിന്റേയും ധാരണ സ്ത്രീ അവരുടെ പൊതുസ്വത്താണെന്നാണ്. യാതൊരു പരിചയവുമില്ലാത്ത സ്ത്രീകളുടെ ദേഹത്ത് തൊടാനും, തോണ്ടാനും അവനൊരുസങ്കോചവുമില്ല. ആ സ്ത്രീ, വിരൂപയോ, വിധവയോ, വൃദ്ധയോ ആരുമാകട്ടെ അവരുടെ അനുവാദമില്ലാതെ അവനൊന്ന് തൊട്ടുനോക്കും, തോണ്ടിനോക്കും, സ്വന്തംവീട്ടിലെ പുന്നാര ആങ്ങള, സ്വന്തം നാട്ടിലെ വീരശൂരപരക്രമി, സ്വന്തംഭാര്യയെ വെറുതെ ഒന്ന് നോക്കിപ്പോയവനെ കണ്ണുരുട്ടിക്കാണിച്ച ധീരനായ ഭര്‍ത്താവ് ഇവനൊക്കെ ബസ്സില്‍ കയറുമ്പോള്‍ അവന്റെ തനിനിറം വ്യക്തമാകും. ഇതൊരു മലയാളി വങ്കത്തമാണ്. സ്ത്രീകളെ പൊതുസ്വത്താക്കി പ്രഖ്യാപിച്ച വങ്കത്തം. ഈ വങ്കത്തത്തിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെ പുരുഷാധിപത്യ സമൂഹം ഒറ്റപ്പെടുത്തും. അവരെ പിന്തുണക്കാതെ മൗനം പാലിച്ച് ഇരുന്നുകളയും. ഈ ലേഖകനും ഇത്തരം ഒരു സന്ദര്‍ഭത്തില്‍ മൗനം പാലിച്ച് സ്വന്തം മനസ്സാക്ഷിയുടെ താഢനമേറ്റിട്ടുണ്ട്. ബസ്സിലെ വൃത്തികെട്ട മലയാളി ട്രെയിനില്‍ മാന്യനാണ്. അവനും അവളും അടുത്തടുത്തിരുന്ന് യാത്ര ചെയ്യുന്നു, ഒരുകുഴപ്പവുമില്ലാതെ. ഈ വൃത്തികെട്ട സംസ്‌ക്കാരത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ വളരെ ബോധപൂര്‍വമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ടതാണ്. ഒരു നാടിന്റെ സംസ്‌ക്കാരമായി ഇത് തുടരുന്നത് കേരളത്തിനും മലയാളിക്കും ഭൂഷണമല്ല. ഒരു ശരാശരി മലയാളി പുരുഷന് അവന്റെ അനുവാദമില്ലാതെ സ്വന്തം ശരീരത്തില്‍ മറ്റൊരാള്‍ സ്പര്‍ശിക്കുന്നത് ഇഷ്ടമല്ല. എന്നാല്‍ അവന് കിട്ടുന്നസന്ദര്‍ഭങ്ങളിലെല്ലാം അന്യസ്ത്രീകളെ അവരുടെ അനുവാദം കൂടാതെ സ്പര്‍ശിക്കാമെന്നത്, യാതൊരുളുപ്പുമില്ലാതെ അവളുടെ കൈപ്പത്തി, അവന്റെ കവിളില്‍ ആഞ്ഞുപതിക്കാനിഷ്ടപ്പെടുന്നത് എന്ത്‌ന്യായമാണ്? യാത്രയിലെ ഇത്തരം അനുഭവങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍ വിരളമായിരിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകളായ സ്ത്രീകള്‍മാത്രമാണ് പ്രതികരിക്കുന്നത്. മറ്റുള്ള സ്ത്രീകളും ശക്തമായി പ്രതികരിച്ചാല്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്രചെയ്യാന്‍ കഴിയും. രാവെന്നോ, പകലെന്നോ, വ്യത്യാസമില്ലാതെ സ്ത്രീക്കും പുരുഷനും യാത്രചെയ്യാന്‍ കഴിയുന്ന ഒരവസ്ഥ, അന്യന്റെ അവകാശം ഹനിക്കാതിരിക്കുന്ന അവസ്ഥ, സംജാതമായാലേ നാടിന് സ്വാതന്ത്ര്യമുണ്ടെന്ന് പറയാന്‍ കഴിയൂ. അല്ലാത്തത് പുരുഷാധിപത്യസ്വാതന്ത്ര്യമാണ്. പുരുഷന് മാത്രമായി ഒരുലോകമില്ല. പുരുഷനും സ്ത്രീയും തുല്ല്യശക്തികളാണ്. ഈ ശക്തികള്‍ പരസ്പരം അംഗീകരിച്ച് മുന്നേറുമ്പോള്‍ ജീവിതയാത്ര സുരക്ഷിതമായി, നാട് സമ്പന്നമായി, ഭൂമിസമ്പന്നമായി ബസ്സ് യാത്രക്കിടയില്‍ മാന്യത പുലര്‍ത്താ തെ അന്യസ്ത്രീകളെ സ്പര്‍ശിക്കാന്‍ തക്കം പാര്‍ക്കുന്നവന്‍ ഓന്നോര്‍മിക്കുക, നിന്റെ അമ്മയേയും, പെങ്ങളേയും, ഭാര്യയേയും, അവരുടെ സമ്മതമില്ലാതെ തോണ്ടാനുംപിടിക്കാനും, നിന്നെപ്പോലൊരു മലയാളി മറ്റൊരു ബസ്സിലിരിപ്പുണ്ട്. അവനും നിന്നെപ്പോലൊരു നികൃഷ്ട ജീവിയാണ്. മറ്റ് സംസ്ഥാനങ്ങളിലൊന്നും പതിവില്ലാത്ത ഈ അധമ സംസ്‌ക്കാരം ഇല്ലാതാക്കാന്‍ നാമൊന്നിച്ച് ശ്രമിച്ചേമതിയാവൂ.

Share.

Leave A Reply

Connect with Facebook