നാരായണി മുത്തശ്ശി [ഫെബ്രു : 2012]

0

 

എം. മാധവന്‍,
ചെമ്പ്ര

6

വൃദ്ധദമ്പതികള്‍ക്കും അവരുടെ ജ്യേഷ്‌ഠനും ജ്യേഷ്‌ഠത്തിക്കും വാര്‍ധക്യ പെന്‍ഷനുണ്ട്‌. മകള്‍ക്ക്‌ വികലാംഗ പെന്‍ഷനാണ്‌. എന്റെ അയല്‍വീട്ടിലുള്ള അവര്‍ അഞ്ചുപേര്‍ക്കും പെന്‍ഷന്‍ അനുവദിച്ചുകിട്ടിയിട്ടുണ്ട്‌. അവര്‍ക്ക്‌ ജീവിക്കാനുള്ള വക അതു മാത്രമായിരുന്നു.
എല്ലാവരിലും മൂത്ത ആളായ നാരായണിമുത്തശ്ശിക്ക്‌ കഴുത്തിലുണ്ടായിരുന്ന ഗോമാങ്ങ വലിപ്പത്തിലുള്ള ഒരു മുഴ സാവധാനം വളര്‍ന്നു വലുതാവാന്‍ തുടങ്ങിയോയെന്ന്‌ സംശയം. തൃശൂരിലുള്ള ഒരു വലിയ ആശുപത്രിയില്‍ കൊണ്ടുപോയി. ഓപ്പറേഷന്‍ ഉടന്‍ വേണമെന്ന നിര്‍ദ്ദേശം കിട്ടി. ആങ്ങളമാരും നാത്തൂനും കൂടി തലപുകഞ്ഞാലോചിച്ച്‌ ഒരു തീരുമാനത്തിലെത്തി ച്ചേര്‍ന്നു. ഓപ്പറേഷന്‍ കൊണ്ട്‌ ഏടത്തിമരിച്ചുപോകും. അതാണവരുടെ ഉറച്ച വിശ്വാസം. ശവശരീരം വീട്ടിലെത്തിക്കുന്നതിനു തന്നെ വലിയ സംഖ്യവേണ്ടിവരും! ബാക്കി ചെലവുകള്‍ വേറെയും. ഏതൊന്നും തങ്ങളുടെ വരുമാനത്തിലൊതുങ്ങുന്നതല്ല. ചക്രംകീറിയുള്ള കുട്ടിക്കളിവേണ്ട. നാരായണി മുത്തശ്ശിയും ഉറപ്പിച്ചു തന്നെ പറഞ്ഞു.
കഴുത്തിലെ മുഴകൊണ്ട്‌ അവര്‍ക്ക്‌ പറയത്തക്ക ബുദ്ധിമുട്ടുകളില്ല. വിഷമം കാണുന്നവര്‍ക്കാണ്‌. വീട്ടിലേ എല്ലാ ജോലികളും കാര്യമായി ചെയ്‌തു തീര്‍ത്തിരുന്നതവരാണ്‌. അംഗവൈകല്യമുള്ള മദ്ധ്യവയസ്‌കയായ അനുജന്റെ മകള്‍ സരോജിനിയെ ശുശ്രൂഷിക്കുന്നതും അവര്‍ തന്നെ. ആങ്ങളമാരും നാത്തൂനും ഏറക്കുറെ രോഗികളാണ്‌. അവര്‍ക്കുള്ള ഏകആശ്രയം നാരായണി മുത്തശ്ശി മാത്രം!
കുഞ്ഞുനാളില്‍ പിള്ളവാതത്താല്‍ കുഴഞ്ഞു പോയ സരോജനിയെ താങ്ങുന്നതും കിടത്തുന്നതും ഇരുത്തുന്നതുമെല്ലാം മുത്തശ്ശിയാണ്‌. ചോറ്‌ വായില്‍ കൊടുക്കണം. മരുന്നുകള്‍ കൃത്യസമയത്തു കൊടുക്കണം. മലമൂത്ര വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യണം. കുളിപ്പിച്ച്‌ വസ്‌ത്രങ്ങള്‍ കഴുകി ഉണക്കണം. അതെല്ലാം ഒരു അനുഷ്‌ഠാനം പോലെ, ആരോടും പരാതിപ്പെടാതെ മുത്തശ്ശി നിത്യവും സ്വയംചെയ്‌തു പോന്നു!
മക്കളില്ലാത്ത ചെറുപ്രായത്തിലെ വിധവയായ അവര്‍ വടിയും കുത്തിപ്പിടിച്ച്‌ നിലത്തോടൊപ്പം കുനിഞ്ഞു നടക്കുന്നതു കാണുമ്പോള്‍ വിഷമവും കൗതുകവും തോന്നിപോകും. പകല്‍സമയം അവര്‍ വിശ്രമിക്കാറില്ല. സ്വസ്ഥമായിരിക്കാന്‍ സമയമില്ല. കൈക്കോട്ടെടുക്കാന്‍ കഴിയില്ലെങ്കിലും ഒരു ചാണ്‍ നീളമുള്ള മരകഷ്‌ണംകൊണ്ട്‌ തൊടിയിലെ മണ്ണുചിനക്കി അതില്‍ വെണ്ടയും, പയറും മത്തനും കുമ്പളങ്ങയും അവര്‍ സ്വന്തമായി കൃഷിചെയ്യുമായിരുന്നു. നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികള്‍ ഞങ്ങള്‍ക്കും മറ്റയല്‍ക്കാര്‍ക്കും വീതിച്ചുകൊടുക്കുന്നതും അവരുടെ ഒരു ഹോബിയാണ്‌!
ആങ്ങളമാരും നാത്തൂനും വൈകല്യമുള്ള സരോജിനിയും രോഗം മൂര്‍ച്ചിച്ചു ആറു കൊല്ലങ്ങള്‍ക്കുള്ളില്‍ പലനാളുകളിലായി ലോകം വിട്ടു പോയി. മരിച്ചവരുടെയൊക്കെ ശവസംസ്‌ക്കാരത്തിനും മറ്റു ചടങ്ങുകള്‍ക്കും മുത്തശ്ശിതന്നെ മുന്‍കയ്യെടുത്തു!
കൂടപ്പിറപ്പുകളെല്ലാം പരലോകം പരതിയപ്പോള്‍ മുത്തശ്ശി സ്വതന്ത്രയായി. ഇനിയുള്ള കാലം മുഴുവന്‍ ദൂരെയുള്ള തന്റെ ഒരു ബന്ധുവിന്റെ കൂടെ ചെലവഴിക്കാനവര്‍ തീരുമാനിച്ചു. യാത്ര പറയുന്നതിനു വേണ്ടി വടിയും കുത്തിപ്പിടിച്ച്‌ കൂനി കൂനി എന്റെ വീട്ടിലും വന്നു. വടിയൂന്നി വളഞ്ഞുനിന്നുകൊണ്ട്‌ എന്റെ മുഖത്തേക്ക്‌ നോക്കി വിതുമ്പി. 91 വര്‍ഷക്കാലമായി താന്‍ ജീവിച്ചുപോന്ന വീടിനോടും നാടിനോടും അയല്‍ക്കാരോടും വിടപറയുകയാണ്‌ അവര്‍. അതിലവര്‍ക്ക്‌ വിഷമമുണ്ട്‌. കഴുത്തിലെ മുഴയില്‍ കൈവെച്ച്‌ തൊണ്ടയിടറി പതുക്കെ പറഞ്ഞു. പണ്ട്‌ ഡോക്‌ടര്‍മാര്‍ ഇവിടെ കത്തിവെച്ചിരുന്നെങ്കില്‍ എന്റെ പണി അപ്പത്തന്നെ കഴിഞ്ഞേനെ. കുട്ട്യോള്‌ അനാഥരായി തുള്ളി വെള്ളം കിട്ടാതെ ചത്തുപോയേനെ. എല്ലാം ദൈവനിശ്ചയംത്സത്സ.
ഭാര്യയേയും മക്കളേയും തൊട്ടുതലോടി. പോട്ടെ മക്കളെ യാത്ര ചോദിച്ച്‌ നാരായണി മുത്തശ്ശി സാവധാനം നടന്നു മറഞ്ഞു.

Share.

Leave A Reply

Connect with Facebook