ഈ വെടിക്കെട്ടുകള്‍ അവസാനിപ്പിക്കുക [ഫെബ് : 2010]

0

palakkad-fire

കേരളത്തില്‍ വൃശ്ചിക മാസാരംഭത്തോടെ ഉത്സവങ്ങളുടെ ആരവം ഉയരുകയായി. തുടര്‍ന്നങ്ങോട്ട്‌ ഇടവപ്പാതിവരെ ഇട തടവില്ലാതെ ഉത്സവങ്ങളാണ്‌… ഉത്സവങ്ങള്‍ ഇപ്പോള്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റേയോ കുത്തകയല്ല. ഹിന്ദുവായാലും, മുസ്ലീമായാലും കൃസ്‌ത്യാനിയായാലും അവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ഉത്സവങ്ങളുണ്ട്‌. പേരുകള്‍ക്ക്‌ മാത്രമേ മാറ്റമുള്ളൂ. ഇവരെല്ലാവരും ആനകളെ എഴുന്നുള്ളിക്കുന്നതില്‍ മത്സരബുദ്ധിയിലാണ്‌.. മിണ്ടാ പ്രാണികളായ ഇവറ്റകളെ നാല്‌വശവും ചങ്ങലകളാല്‍ ബന്ധിച്ച്‌ പൊരിവെയിലത്ത്‌ നിര്‍ത്തി പീഡിപ്പിക്കുന്നതില്‍ ഉത്സവപ്രേമികള്‍ ആനന്ദം കണ്ടെത്തുന്നു. തീര്‍ന്നില്ല. ജീവജാലങ്ങളുടെയെല്ലാം കര്‍ണ്ണപുടങ്ങള്‍ തകര്‍ക്കപ്പെടുന്ന വിധത്തില്‍ കരിമരുന്ന്‌ പ്രയോഗവും. കരിമരുന്ന്‌ പ്രയോഗം ആരംഭിക്കാന്‍ പോകുന്ന വിവരം ഗംഭീര കരിമരുന്നു പ്രയോഗം ഉണ്ടായിരിക്കും എന്ന ബാനര്‍ വായിക്കാനറിയാവുന്നതു കൊണ്ട്‌ ഒരു പരിധിവരെ മനുഷ്യര്‍ക്ക്‌ മാറിനല്‍ക്കാന്‍ സാധിക്കും. എന്നാല്‍ വായിക്കാനും വിളംബരം മനസിലാക്കാനും കഴിയാത്ത പാവം പക്ഷിമൃഗാദികള്‍ ഈ ശബ്‌ദ പീഢനത്തില്‍ പലായനം ചെയ്യുന്നതും, ചത്തുവീഴുന്നതുമായ കാഴ്‌ച ഹൃദയഭേദകമാണ്‌. ഈ ഭൂമിയില്‍ തന്റെ മാത്രം അവകാശത്തിന്‌ മുന്‍ തൂക്കം കൊടുക്കുന്ന മനുഷ്യര്‍ തന്റെ നിലനില്‍പ്പിന്‌ കാരണഭൂതരായ പക്ഷിമൃഗാദികളെ പീഢിപ്പിക്കുന്നതില്‍, അവയുടെ സ്വൈര ജീവിതത്തിന്‌ തടസം  സൃഷ്‌ടിക്കുന്നതില്‍ നിത്യേനയെന്നോണം മത്സരിക്കുകയാണ്‌. ഇതിന്‌ അറുതിവരുത്തിയേ തീരു. വെടിക്കെട്ട്‌ നടത്തിയേ തീരു എന്നാണെങ്കില്‍ പക്ഷികള്‍ ചേക്കേറുന്നതിന്‌ മുമ്പ്‌ വെടിക്കെട്ട്‌ നടത്താന്‍ തയ്യാറാകണം. മനുഷ്യനെ ആശ്രയിച്ചാണ്‌ മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനില്‍പ്പെന്നാണ്‌ അഹങ്കാരിയായ മനുഷ്യന്‍ ധരിച്ചുവെച്ചിരിക്കുന്നത്‌. എന്നാല്‍ മനുഷ്യനാണ്‌ ഇവയെ ആശ്രയിച്ചു ജീവിക്കുന്നതെന്നതാണ്‌ സത്യം.

ഈ അവസരത്തിലാണ്‌ പ്രകൃതിസ്‌നേഹികളെയെല്ലാം സന്തോഷിപ്പി ക്കുന്ന ഒരുത്തരവ്‌ പാലക്കാട്‌ ജില്ലാകളക്‌ടറില്‍ നിന്ന്‌ വന്നിരിക്കുന്നത്‌. പൊതുനിരത്തുകള്‍ക്കരികിലുള്ള മരങ്ങളില്‍ കെട്ടിവെച്ചിരിക്കുന്ന ബോര്‍ഡുകള്‍ മരങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഹാനികരമായിരിക്കുന്ന തിനാല്‍ അവനീക്കം ചെയ്യണമെന്ന്‌ ഈ ഉത്തരവില്‍ വ്യക്തമാക്കിയിരി ക്കുന്നു. ഇത്‌ ശ്ലാഘനീയമാണ്‌. മൂന്നാറിലെ കയ്യേറ്റങ്ങള്‍ തടയണമെന്ന ബഹു: ഹൈകോടതിയുടെ ഉത്തരവും (20. 1. 2010) നടപ്പാക്കിയാല്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക്‌ അറുതിയാകും. കേരള ജൈവകര്‍ഷക സമിതിയുടെ മാതൃസംഘടനയായ ഒരേഭൂമി ഒരേ ജീവന്‍ത്സ ആണ്‌ ഒരു പൊതു താല്‍പര്യ ഹര്‍ജിയിലൂടെ മൂന്നാറിലെ പൊതുമുതല്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചത്‌. ഇവിടെ എണ്ണിയാല്‍ തീരാത്തത്ര രാഷ്‌ട്രീയപാര്‍ട്ടികളും, അവരുടെ യുവജന സംഘടനകളും സജീവമായി രംഗത്തുള്ളപ്പോഴാണ്‌ കേരള രാഷ്‌ട്രീയ സാമൂഹ്യഭൂ പടത്തില്‍ അധികമൊന്നും സ്ഥാനം പിടിച്ചിട്ടില്ലാത്ത ഒരു സംഘടന ഹൈക്കോടതിയില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജികൊടുത്ത്‌ സാമൂഹ്യ പ്രബുദ്ധമായ ഒരു വിധി സമ്പാദിച്ചെടുത്തത്‌. പാരിസ്ഥിതികമായ ഒരനുകൂല കാറ്റ്‌ വീശിത്തുടങ്ങിയിട്ടുണ്ടെന്ന്‌ വേണം കരുതാന്‍. എങ്കില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അത്‌ ഊര്‍ജ്ജം പകരും എന്ന കാര്യത്തില്‍ സംശയമില്ല. പ്രതികരിക്കാന്‍ പ്രകൃതി നിയോഗിച്ചിട്ടുള്ളവര്‍ പ്രതികരിച്ചാല്‍ മൃഗപീഢനവും പക്ഷിപീഢനവും, മനുഷ്യപീഢനവുമെല്ലാം അവസാനിച്ച്‌ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട ഈ ഭൂമിയില്‍ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും സാദ്ധ്യമാകും.

Share.

Leave A Reply

Connect with Facebook