ചൊവ്വാഴ്ച നല്ല ദിവസം [ ഡിസ: 2010]

0

തയ്യാറാക്കിയത് –
പി. ആര്‍. രാഘവന്‍, വിലാസിനി രാഘവന്‍
പാലക്കാടന്‍ ഹൗസ്,  അഷ്ടമിച്ചിറ- 680 731

DSC_0148എല്ലാ ചൊവ്വാഴ്ചകളിലും തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ ഭക്ഷണക്രമമനുസരിച്ച് പ്രകൃതി സദ്യയാണ് പതിവ്. അതനുസരിച്ച് 14-09-2010 ലെ സദ്യതയ്യാറാക്കേണ്ടത് ഞങ്ങള്‍ രാഘവന്‍, വിലാസിനി, സതീഷ്, ശ്രുതിമോള്‍, സാവിത്രിവേണുഗോപാല്‍, റാഹേല്‍, സന്ധ്യമോള്‍ തുടങ്ങിയ ചികിത്സാര്‍ത്ഥികളായിരുന്നു. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ തലേദിവസത്തെ (തിങ്കളാഴ്ച) വൈകീട്ടുള്ള ഡോക്ടറും ചികിത്സാര്‍ത്ഥികളും തമ്മിലുള്ള ഒത്തുചേരലില്‍ കിട്ടിയിരുന്നു.
ഡോ: സുനിലയുടെ നേതൃത്വത്തില്‍ കൃത്യസമയത്തുതന്നെ പാചകകളരി ആരംഭിച്ചു. പ്രകൃതിചികിത്സാലയത്തിലെ ഡ്യൂട്ടിക്കാരായ റഹിയാനത്ത്, നിര്‍മ്മല തുടങ്ങിയവരും ഈ പരിപാടിയില്‍ സഹായിച്ചുകൊണ്ടിരുന്നു. പ്രധാന ഡോക്ടര്‍. പി. എ. രാധാകൃഷ്ണന്‍ ഇടക്ക് വന്നു വേണ്ട നിര്‍ദ്ദേശം തരികയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അവരവര്‍ക്ക് നിര്‍ദ്ദേശിച്ച കറികളില്‍ മാത്രമല്ല. മറ്റുകറികള്‍ ഉണ്ടാക്കുന്നതിനും അന്യോന്യം സഹകരിച്ചു. ഒരു പ്രകൃതിസദ്യ ഉണ്ടാക്കാന്‍ എല്ലാവരും പഠിച്ചു. അതെല്ലാം എല്ലാവരും ഭാവിജീവിതത്തില്‍ പകര്‍ത്തുന്നതിന് പാഠമായി. എണ്ണയും കൊഴുപ്പുകളും വറ്റല്‍മുളകും ചേര്‍ക്കാത്ത വിഭവങ്ങള്‍ത് എന്നകാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഒരു പിറന്നാള്‍ ആഘോഷിക്കുന്ന വീടിന്റെ ഉത്സാഹത്തിലായിരുന്നു എല്ലാവരും. വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ ടീച്ചര്‍മാരും കൃഷിക്കാരും, ഗവ. ജോലിക്കാരും സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവരും വിദേശത്ത് ജോലിചെയ്യുന്നവരും  നാനാജാതിമതത്തില്‍പെട്ട കേരളത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ളവരുടെ ഒരുകൂട്ടായ്മ എന്നെന്നും ഓര്‍മ്മിക്കുന്ന ഒരുദിവസം.
വൈകീട്ട് 3.30ന് ചികിത്സാര്‍ത്ഥികള്‍ ഒത്തുകൂടി തിരൂര്‍ തുഞ്ചന്‍പറമ്പിലേക്ക് ഒരു തീര്‍ത്ഥയാത്ര. സര്‍വ്വശ്രീ. രാഘവന്‍, സതീശന്‍, ശ്രീമതിമാര്‍ വിലാസിനി, റാഹേല്‍, ശ്രുതി, സാവിത്രി വേണുഗോപാല്‍, രാധാമണി, ക്ലാരമ്മ എന്നിവരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. യാത്രയില്‍ വണ്ടി ഡ്രൈവറും ഗൈഡായിവന്ന വല്ല്യേട്ടനും യഥാസമയം ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുതന്നു. സ്വാതന്ത്യസമര ചരിത്രത്തിലെ തിരൂരിലെ വാഗണ്‍ട്രാജഡി എന്ന ബ്രിട്ടീഷുകാരുടെ കിരാതമായ നരനായാട്ടിന്റെ ഫലമായി ഗുഡ്‌സ്‌വാഗണില്‍ പിടഞ്ഞു മരിച്ച നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളുടെ സ്മാരകമായി തിരൂര്‍ ടൗണിലെ വാഗണ്‍ട്രാജഡി സ്മാരകടൗണ്‍ ഹാള്‍ അതില്‍ പ്രധാനപ്പെട്ടതായിരുന്നു. അധികംവൈകാതെ ഞങ്ങള്‍ തുഞ്ചന്‍ പറമ്പിലെത്തി. തുഞ്ചന്‍പറമ്പിലെ കാഴ്ചകള്‍ എല്ലാവരുടെയും ഓര്‍മ്മകളും മനും നൂറ്റാണ്ടുകള്‍ പിന്നോട്ടുകൊണ്ടുപോയി.
തുഞ്ചന്‍ പറമ്പില്‍ നിന്നും നേരെ ഞങ്ങള്‍ പടിഞ്ഞാറേക്കര കൂട്ടായി ബീച്ചിലേക്ക് പുറപ്പെട്ടു. അവിടത്തെകാഴ്ചകള്‍ വളരെ രസകരമായിരുന്നു. പൊന്നാനിഭാഗത്ത് മത്സ്യബന്ധന ബോട്ടുകള്‍ അടുപ്പിക്കുന്നതിനുവേണ്ടിയുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള ജെട്ടി. അവിടേയും കരയില്‍ നിന്നുള്ളപോലെ കടലിലേക്ക് തള്ളിനില്‍ക്കുന്ന പുതുതായി കരിങ്കല്‍ ഇട്ട് നികത്തിയ ഒരു പുതിയറോഡ്. പൊന്നാനി ഭാഗത്തേക്ക് ജംഗാറില്‍ കൂടിയുള്ളയാത്ര. ഭാരതപ്പുഴ പൊന്നാനി കടലില്‍ വന്നുചേരുന്ന സംഗമസ്ഥലം.   അങ്ങനെ ഞങ്ങള്‍ തിരിച്ചുപോരാന്‍ വണ്ടിയില്‍ കയറി.  എല്ലാംകൊണ്ടും ജീവിതത്തില്‍ ഇടക്കിടക്ക് ഓര്‍ക്കാവുന്ന സുന്ദരമായ കാഴ്ചകളും അനുഭൂതിയും അനുഭവങ്ങളും നല്‍കിയ ഒരു ചൊവ്വാഴ്ച.
അടുത്ത ദിവസം ബുധനാഴ്ച എല്ലാവരും മൗനവ്രതത്തിലാണ്. അതിനിടക്ക് ഉച്ചക്കുശേഷം 3 മണിയോടുകൂടി സൈക്കിളില്‍ ഇന്ത്യമുഴുവന്‍ സഞ്ചരിക്കുന്ന ഒരു വ്യക്തി പ്രകൃതിചികിത്സാലയത്തില്‍ എത്തി. ഇന്ത്യയിലെ ഇരുപത് സംസ്ഥാനങ്ങള്‍ പിന്നിട്ട് 41000 കിലോമീറ്റര്‍ സഞ്ചരിച്ച് തിരൂരിലെത്തിച്ചേര്‍ന്ന തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശി അന്‍പുചാള്‍സ് എന്ന 56 വയുകാരന്‍ പരിസ്ഥിതി സംരക്ഷണവും മാലിന്യമുക്തഭൂമിയുമെന്ന സന്ദേശമുയര്‍ത്തിയാണ് കാശ്മീരില്‍ നിന്നും യാത്ര ആരംഭിച്ചത്. ഈ സൈക്കിള്‍ സഞ്ചാരി ഞങ്ങളുടെ മൗനവ്രതം നേരത്തെ അവസാനിപ്പിക്കുന്നതിനു കാരണക്കാരനായി.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് പ്രകൃതിജീവനം ഒരു മാര്‍ഗ്ഗമായി സ്വീകരിക്കുക. അതിനുവേണ്ടിയുള്ള മഹത്വരമായ സേവനമാണ് ഈ പ്രകൃതി ചികിത്സാലയം നടത്തിവരുന്നത്. ആരോഗ്യസംരക്ഷണാര്‍ത്ഥം 12 ദിവസത്തെ താമസത്തിനിടയില്‍ ജീവിതത്തില്‍ എന്നെന്നും ഓര്‍ക്കാവുന്ന ചില അനുഭവങ്ങളും അനുഭൂതികളും അനുഭവിച്ചുകൊണ്ടാണ് ഞങ്ങള്‍ തിരൂര്‍ പ്രകൃതിഗ്രാമത്തില്‍നിന്നും തിരിച്ചു പോന്നത്. ആ നല്ല ചൊവ്വാഴ്ചയെ വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ട് അഷ്ടമിച്ചിറയില്‍ ഇരുന്ന് ഈ ഓര്‍മ്മകുറിപ്പിവിടെ അവസാനിപ്പിക്കുന്നു.
.

Share.

Leave A Reply

Connect with Facebook