സ്‌നേഹം [ ഡിസ: 2010 ]

0

– എം. മാധവന്‍. ചെമ്പ്ര

78 വയസ്സ് വരെ  അച്ചുവേട്ടന്‍ ബോംബെയിലെ വിവിധഹോട്ടലുകളില്‍ പാചകതൊഴിലാളിയായി ജോലിനോക്കിയിട്ടുണ്ട്. പതിനഞ്ചാംവയസില്‍ നാടുവിട്ടതാണ്. ജനിച്ചത് ഈഴവനായിട്ടാണെങ്കിലും ബോംബെയില്‍ അച്ചുവേട്ടന്‍ അറിയപ്പെടുന്നത് അച്ചുതന്‍നായരായിട്ടാണ്. പേരിനോടൊപ്പം നായര്‍ എന്നുകൂടി ചേര്‍ക്കുന്നത് ഒരു അന്തസ്സത്രേ ബോംബെയിലെ ഹോട്ടല്‍ ജോലിക്ക് നായന്മാര്‍ക്കത്രെ അന്ന് മുന്‍ഗണന. ബോംബെയില്‍ ജോലിയന്വേഷിച്ചു പോകുന്ന മലയാളികളില്‍ പലരും ആര്‍ക്കോണം റെയില്‍വേസ്റ്റേഷന്‍ കഴിഞ്ഞാല്‍ ആര്‍ക്കോണം നായരാവും! അതാണ് പണ്ടത്തെരീതി.
അക്ഷരാഭ്യാസമില്ലെങ്കിലും അച്ചുവേട്ടന്‍ ഇന്ത്യയിലെ മിക്കഭാഷകളും നന്നായി സംസാരിക്കും. അവിവാഹിതനാണ്. നാട്ടില്‍ സ്വന്തക്കാരായി അനുജന്‍ കേശവനും, കേശവന്റെ ഭാര്യയും മക്കളും മാത്രം. അനുജന്റെ മക്കളെങ്കിലും സ്വന്തംമക്കളെ പോലെകരുതി അവരെപൊന്നുപോലെ സംരക്ഷിച്ചുപോന്നത് അച്ചുവേട്ടന്‍തന്നെ. തനിക്ക്കിട്ടുന്ന ശമ്പളം മുഴുവനും കൃത്യമായി എല്ലാമാസവും കേശവന്റെ പേരില്‍ അയച്ചുകൊടുത്തിരുന്നു. കുട്ടികള്‍ക്ക് ഒരു വിഷമവും വരരുത്. അതദ്ദേഹത്തിന് നിര്‍ബന്ധമാണ്. ബോംബെയില്‍നിന്നും നാട്ടില്‍ വരുമ്പോള്‍ എല്ലാവര്‍ക്കും വേണ്ട തുണിത്തരങ്ങളും മറ്റു സാധനങ്ങളും പെട്ടിനിറയെ കൊണ്ടുവരും. ലീവില്‍വരുമ്പോള്‍ തീവണ്ടി സ്റ്റേഷനില്‍ നിന്നു വീടുവരേയും ലീവ്കഴിഞ്ഞു പോകുമ്പോള്‍ സ്റ്റേഷന്‍വരേയും കേശവന്‍ സഹായിയായിട്ടുണ്ടാകും. അമ്പത്തഞ്ചുവര്‍ഷങ്ങളായി ഈ പതിവ് കേശവന്‍ തെറ്റിക്കാറില്ല. അച്ചുവേട്ടന്‍ വീട്ടിലുള്ളപ്പോള്‍ എല്ലാവര്‍ക്കും എപ്പോഴും മഹോത്സവമാണ്. കളിയും ചിരിയും തമാശകളും നിറഞ്ഞ ഒരു ഓണക്കാലം!
ലീവുകഴിഞ്ഞു പോകുംനേരത്ത് കേള്‍ക്കാം കൂട്ടക്കരച്ചില്‍. കേശവന്റെ കുടുംബം അനുഭവിക്കാന്‍ പോകുന്ന വിരഹവേദനയോര്‍ത്ത് കരയുകയാണ് എല്ലാവരും. അയല്‍വാസികളായ ഞങ്ങള്‍ക്കും അതുകേള്‍ക്കുമ്പോള്‍ വിഷമം വരും. ഓരോ ലീവിനു വരുമ്പോഴും അനുജനും ഭാര്യാമക്കളും ഒരേസ്വരത്തില്‍ സ്‌നേഹത്തോടെ നിര്‍ബ്ബന്ധിക്കും വയ്യസ്സായായില്ലേ. ഇനി പണ്ടത്തെപോലെ ജോലിക്കുപോകണ്ട. ഉള്ളതുകൊണ്ട് നമുക്ക് ജീവിക്കാംത്. പക്ഷെ സാമ്പത്തിക വിഷമങ്ങള്‍ കാണുമ്പോള്‍ സാധുയായ അച്ചുവേട്ടന്‍ മെല്ലെ ബോംബെക്കുതന്നെ വണ്ടികയറും.
തീരെ അവശനായപ്പോള്‍ ഇനി ബോംബെക്കു പോണില്ലെന്നു തീരുമാനമെടുത്തു അദ്ദേഹം. അനുജനും ഭാര്യയും കൂലിപ്പണിക്കുപോയി ഒരു വിധത്തില്‍ കുടുംബം പോറ്റിയിരുന്നു. (അന്ന് ഇന്നത്തെപോലെ സുഭിക്ഷമായ കൂലി ഉണ്ടായിരുന്നില്ല) അച്ചുവേട്ടനു ബീഡിവലിക്കണം. ചായക്കടയില്‍പോയി ഇടക്കൊക്കെ ചായകുടിക്കണം. സ്വന്തമായി കൈയില്‍ കാശില്ല. അനുജനും ഭാര്യയും കണ്ടറിഞ്ഞ് അതിനുള്ളവക ജേഷ്ടനുകൊടുത്തിരുന്നു. കുറെനാള്‍ക്കുശേഷം പോക്കറ്റ്മണി കൊടുക്കാനവര്‍ക്ക് കഴിയാതായി. ബീഡിവലിക്കാനുള്ള, ചായകുടിക്കാനുള്ള ആര്‍ത്തി പെരുകിയപ്പോള്‍ ഒരിക്കല്‍ അച്ചുവേട്ടന്‍ പുളിമരത്തില്‍നിന്നും സ്വല്‍പം പുളിങ്ങ പറിച്ചുവിറ്റു. മറ്റുള്ളവര്‍ക്കാര്‍ക്കും അതുരസിച്ചില്ല. വീട്ടില്‍ പിറുപിറുപ്പുതുടങ്ങി. കുറെനാള്‍കഴിഞ്ഞ് പുരയിടത്തില്‍ നിന്നും 200 രൂപക്ക് ഒരു ചെറിയപുളിമരം വില്‍ക്കാന്‍ ശ്രമിച്ചു അച്ചുവേട്ടന്‍. അപ്പോള്‍ വഴക്കായി-ബഹളമായി. തന്റെ എല്ലാമായിരുന്ന അനുജനും അവന്റെ ഭാര്യമക്കളും തനിക്കെതിരായി ഒരുവശത്ത്. വിഷപ്പല്ലുകൊഴിഞ്ഞുപോയ മൂര്‍ഖനെപോലെ ഒറ്റക്കുനിന്നു കിതച്ചു അച്ചുവേട്ടന്‍! വാഗ്വാദം മൂത്തപ്പോള്‍ കേശവന്‍ വടിയെടുത്തു. അയല്‍ക്കാര്‍ ഓടിക്കൂടി. ഭാഗ്യത്തിന് അച്ചുവേട്ടന്റെ ദേഹത്ത് വടിവീണില്ല.
പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുട്ടി ഹാജിയും സ്ഥലത്തെത്തി. പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചു. ഏറെനേരം സംസാരിച്ചശേഷം ഒത്തുതീര്‍പ്പിലെത്തി. അഞ്ചുസെന്റ് സ്ഥലം അച്ചുവേട്ടനു വീതിച്ചുകൊടുത്തു!
~ഒറ്റപ്പെട്ട്, അവഗണനസഹിച്ച്, ദുരിതങ്ങള്‍പേറി അച്ചുവേട്ടനെന്ന അച്ചുതന്‍നായര്‍ എങ്ങിനെയൊക്കെയോ കുറച്ചുകാലം ജീവിച്ചു. അവസാനം ക്യാന്‍സര്‍ രോഗിയായി. ഭാഗ്യംതുണച്ചു. മരണം സംഭവിച്ചത് പെട്ടെന്നായിരുന്നു. പിന്നീട് അദ്ദേഹം മറ്റുള്ളവര്‍ക്ക് ഭാരമായില്ല! സ്‌നേഹബന്ധങ്ങള്‍ക്ക് ദീര്‍ഘകാല നിലനില്‍പില്ല. കത്തിച്ചുവെച്ച മെഴുകുതിരി ആജീവനാന്തം അതേപടി നിലനില്‍ക്കുമോ?  ലിയൊ ടോള്‍ സ്റ്റോയി പണ്ട് പറഞ്ഞുവെച്ചത് അച്ചുവേട്ടന്റെ കാര്യത്തില്‍ അന്വര്‍ത്ഥമായി.
.

Share.

Leave A Reply

Connect with Facebook