പേരറിയാത്ത പെണ്‍കുട്ടിക്ക്‌….. [നാച്ചുറല്‍ ഹൈജീന്‍ – ഫെബ്രു 2013]

0

 

കെ.എസ്‌. കവിത
അഷ്‌ടമിച്ചിറ

നിന്നെപ്പറ്റി പ്രതിഷേധങ്ങള്‍, പ്രസ്‌താവനകള്‍, വാക്‌പയറ്റുകള്‍, നിന്ദാസ്‌തുതികള്‍, വിമര്‍ശനങ്ങള്‍…. എല്ലാം ഞങ്ങള്‍ ഏറ്റെടുത്ത്‌ ഭംഗിയായി കൊണ്ടാടുകയാണ്‌. നിനക്കുവേണ്ടി രോഷംകൊള്ളുന്നവര്‍, ഉള്ളുരുകി തപിക്കുന്നവര്‍, മുതലക്കണ്ണീര്‍ ഒഴുക്കുന്നവര്‍, പെണ്ണൊരുത്തിയുടെ തന്റേടത്തിന്‌ ഇതാണവസ്ഥയെന്ന്‌ ക്രൂരമായി വിധിയെഴുതുന്നവര്‍, സ്വയം വരുത്തിവെച്ച വിനയല്ലേ എന്നാക്രോശിക്കുന്നവര്‍… എല്ലാവരും ഞങ്ങള്‍ തന്നെ. മാധ്യമങ്ങളില്‍ ഇപ്പോഴും ഉത്സവം തിമിര്‍ക്കുകയാണ്‌. അപ്പോഴും പെയ്യാതെ പോകുന്ന ഒരു കണ്ണീര്‍ക്കണം എന്റെയുള്ളില്‍ ബാക്കിയാകുന്നു. ആരോ ഊതിയൂതി കത്തിക്കുന്നതുപോലെ ഒരു കനല്‍ എരിഞ്ഞുകൊണ്ടേ ഇരിക്കുന്നു.
അവരുടെ ക്രൂരത നിന്റെ ശരീരത്തെ, കൃത്യമായി നിന്റെ സ്‌ത്രൈണാവയവങ്ങളെത്തന്നെ എത്ര, ഭീകരമായി കീറിമുറിച്ചുവെന്ന്‌ പ്രഗത്ഭരായ വൈദ്യന്മാര്‍ കൃത്യമായി വിധിയെഴുതുന്നു. അതിന്റെ രീതികള്‍ വായിച്ച്‌ ഞങ്ങളമ്പരക്കുകയും ചര്‍ച്ചകള്‍ നടത്തുകയും രോഷം കൊള്ളുകയും ചെയ്യുന്നു.
പക്ഷേ എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടി, നിന്റെ പാവം മനസ്സിനെയാണ്‌ ഞാനിപ്പോള്‍ ഓര്‍ത്ത്‌ പോകുന്നത്‌…. കൂട്ടുകാരനോടൊത്ത്‌ തലസ്ഥാനനഗരിയിലൂടെ യാത്രചെയ്യുമ്പോള്‍ നിന്റെ മനസ്സില്‍ ലോകത്തോട്‌ മുഴുവന്‍ എത്രമാത്രം ആരോഗ്യകരമായ വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നിരിക്കണം! മുഖമില്ലാത്ത അവര്‍ നിന്നെ തൊട്ടപ്പോള്‍, പിച്ചിച്ചീന്തിയപ്പോള്‍, ചവിട്ടിയരച്ചപ്പോള്‍ നിന്റെയുള്ള്‌ എത്രമാത്രം പിടഞ്ഞു കാണണം! നീയേതെങ്കിലും ദൈവങ്ങളെ വിളിച്ച്‌ കേണിരിക്കുമോ? നീയെല്ലാവരെയും വെറുത്തിരിക്കുമോ?….. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട ശരീരം മാത്രമായി കിടന്നപ്പോള്‍ ബോധാബോധങ്ങളുടെ മിന്നലുകള്‍ക്കിടയില്‍ നീയെന്തെങ്കിലും ഓര്‍ത്തിട്ടുണ്ടാകുമോ……! ഇരുട്ടിന്റെ കടുത്ത വിഷപ്പുകയിലകപ്പെട്ടാലെന്ന പോലെ എനിക്ക്‌ ശ്വാസംമുട്ടുന്നു.
എന്താണ്‌ നമ്മുടെ പുരുഷന്മാര്‍ക്ക്‌ പറ്റുന്നത്‌? എന്തുകൊണ്ടാണ്‌ അവന്‍ അനിയന്ത്രിതമായ വിശപ്പുള്ള ആക്രാന്തം പിടിച്ച ഒരു ജീവിയായി മാറുന്നത്‌! കൂടെ നടക്കുന്നവനും കൈപിടിക്കുന്നവനും സൗഹൃദം പറയുന്നവനും പ്രണയിക്കുന്നവനുമെല്ലാം അവന്‍തന്നെയാണല്ലോ! അപ്പോഴെല്ലാം എത്ര നല്ല കൂട്ടുകാരനാണ്‌, എത്ര സ്‌നേഹസമ്പന്നനാണ്‌ അവനെന്ന്‌ വിസ്‌മയിച്ചു പോകാറുണ്ട്‌…. എന്നിട്ടും എവിടെയാവാം അവനില്‍ അപശ്രുതിയുണര്‍ന്നത്‌?
ജനിതകമായും സാമൂഹികമായും ആര്‍ജ്ജിച്ചെടുത്ത അതിക്രൂരമായ ഒരു അധികാര മനം ആണിനുണ്ട്‌. ശാന്തമാവാതെ അടിക്കടി പ്രക്ഷുബ്‌ധമാവുന്ന ഒരുതരം വൃത്തികെട്ട ലിംഗാഹന്ത! ഒരു പക്ഷേ അവന്റെ ശരീര വിന്യാസം തന്നെ അതിനൊരു കാരണമാണ്‌. മാസമുറയില്ലാത്ത, പ്രസവിക്കാന്‍ കഴിയാത്ത, മുലയൂട്ടാനാവാത്ത വലിയൊരു അസ്വസ്ഥതയാണ്‌ പുരുഷന്‍ എന്ന സത്യം. ഒരു പെണ്‍ശരീരത്തിന്‌ അസ്വാസ്ഥ്യങ്ങള്‍ ഒഴിക്കിക്കളയുന്നതുപോലെ തന്നെ, സ്‌നേഹത്തോടെ സ്വീകരിക്കാനും ഉയിരിന്റെ ഭാഗമായി ഊതിത്തെളിച്ചെടുക്കാനും ജീവന്‍ പകര്‍ന്ന്‌ പോറ്റി വളര്‍ത്താനുമാകും….. ഈ ശാരീരികവിന്യാസങ്ങള്‍ അവളെ ക്ഷമിക്കാനും സഹിക്കാനും തോറ്റുകൊടുക്കാനും ഒരളവുവരെ പ്രാപ്‌തയാക്കുന്നുണ്ട്‌. ഇത്‌ ദൗര്‍ബല്യമല്ല; ശക്തിയാണ്‌. ഈ കരുത്തിന്റെ മുന്നില്‍ നിരന്തരം തോറ്റു പോകുന്നതുകൊണ്ടാണ്‌ പുരുഷനവളെ, ആ ശക്തിയെത്തന്നെ തന്റെ വരുതിക്ക്‌ നിര്‍ത്തി അഭിമാനിക്കാന്‍ കൊതിക്കുന്നത്‌.
ലോകം കണ്ട പ്രവാചക സ്വരൂപങ്ങള്‍ക്കെല്ലാം തന്നെ പെണ്‍മനംഉണ്ടായിരുന്നുവെന്ന്‌ നിരവധി ചിന്തകള്‍ സാക്ഷ്യം പറയുന്നു. ഹ്മഹ്നഇതെന്റെ രക്തം, ഇതെന്റെ മാംസം, ഇതെടുത്തുകൊള്‍കത്സത്സഎന്ന യേശുവിന്റെ വചനം തന്നെയാണ്‌ ഒരുവള്‍ തന്റെ മുലയൂട്ടലിലൂടെ സാര്‍ത്ഥകമാക്കുന്നത്‌. അഞ്ചപ്പംകൊണ്ട്‌ അയ്യായിരം പേരെ ഊട്ടുമ്പോഴും, ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ച്‌ കൊടുക്കുമ്പോഴുമൊക്കെ മനുഷ്യപുത്രന്‍ അവളായി തീരുകയാണ്‌. കൃഷ്‌ണനിലും സമ്പൂര്‍ണ്ണമായൊരു പെണ്‍മനമുെണ്ടന്ന്‌ കാണാം. പതിനായിരത്തെട്ടു പെണ്‍ശക്തിക്കിടയില്‍ അഭിരമിക്കുമ്പോഴും അവന്‍ രാധയുടെ ഉറ്റതോഴനായിരുന്നു… പ്രണയം ആക്രമണത്തിലൂടെയല്ല കൃഷ്‌ണനെന്ന പുരുഷന്‍ നേടിയത്‌. ഇങ്ങനെ നോക്കിയാല്‍ മതങ്ങളും സമൂഹവും കൊട്ടിഘോഷിക്കുന്ന എല്ലാ മഹത്വങ്ങളുടെയും നീരുറവ ഇതുതന്നെയാണെന്ന്‌ തിരിച്ചറിയാനാകും. ഇത്തരമൊരു പെണ്‍മനത്തിലേക്ക്‌ സഞ്ചരിക്കുമ്പോഴെ സ്‌ത്രീയെ ഒരു വെറും അവയവപ്പൊരുത്തമായിട്ടല്ലാതെ മനുഷ്യജീവിയെന്ന നിലയില്‍ കാണാന്‍ പുരുഷന്‌ കഴിയൂ… അവളെ തിരിച്ചറിയാനും സ്‌നേഹിക്കാനും ആദരിക്കാനും കൂടെനിര്‍ത്താനും കഴിയൂ…
സിംഗപ്പൂരിലെ ആശുപത്രിയില്‍ നടന്നത്‌ മരണമല്ല, കൊലപാതകം തന്നെയാണ്‌. ഈ കൊലപാതകത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക്‌ ഒരു വ്യത്യസ്‌തതയുണ്ടായിരുന്നു. ഏതെങ്കിലും രാഷ്‌ട്രീയ- സാമൂഹിക- മതനേതൃത്വമോ സംഘാടകരോ സംഘടിപ്പിക്കലോ ആ ബഹുജന സമരത്തിന്‌ പിന്നിലുണ്ടായിരുന്നില്ല. ഒരു പൂവിരിയുന്നതുപോലെ, അത്രമേല്‍ സ്വാഭാവികമായ പ്രതികരണങ്ങളുടെ ഒരു പുതിയ ചിത്രമാണവിടെ തെളിഞ്ഞത്‌. വ്യക്തിമന�ിലേറ്റ ആഴമേറിയ മുറിവുകള്‍ വ്യക്തിപ്രതികരണമായി, പ്രക്ഷോഭപരമായി താനേ സംഘടിക്കുകയായിരുന്നു. ഈ വ്യത്യസ്‌തത മനുഷ്യകുലം വംശനാശം വന്ന്‌ പോകില്ല എന്ന തിരിച്ചറിവിന്റെ നേര്‍ത്ത പ്രതീക്ഷതന്നെയാണ്‌. അവിടെയും സാക്ഷരകേരളം വേറിട്ടുനിന്നു. നമ്മുടെ ബുദ്ധിജീവികള്‍ക്കും സാംസ്‌ക്കാരിക നായകന്മാര്‍ക്കും നാവിറങ്ങിപ്പോകുന്നതെന്തുകൊണ്ടായിരിക്കാം….? നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഒരളവുവരെ ഇതിന്‌ കാരണമാണ്‌. സാക്ഷരത കൂടുംതോറും ഉപോല്‌പ്പന്നമായി പുരുഷാധിപത്യ പ്രവണതയും വര്‍ദ്ധിക്കുന്നു. വ്യവസ്ഥിതിയുടെ സ്വാഭാവിക പരിണതിയാണിത്‌. കേരളം എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നു. മലയാളിയെയോര്‍ത്ത്‌ ഞാന്‍ തലകുനിക്കട്ടെ..
സ്‌ത്രീ അക്രമിച്ച്‌ പകുത്തെടുക്കാനുള്ള വിശിഷ്‌ടഭോജ്യമല്ല. തൊട്ടാലുടയുന്ന കണ്ണാടിപ്പാത്രവുമല്ല. അവള്‍ നിങ്ങളെപ്പോലെതന്നെ ചിന്തയും മനസ്സും ശരീരവുമുള്ള മനുഷ്യജീവി മാത്രം. നിങ്ങളുടെ അടുക്കളകളില്‍ പുകഞ്ഞ്‌ തീരുമ്പോഴും, വിഴുപ്പുതുണികളില്‍ കുതിരുമ്പോഴും കിടക്കറയില്‍ അടിഞ്ഞു കൂടുമ്പോഴും അവള്‍ സഹിക്കുകയാണ്‌…. നിങ്ങളോട്‌ പൊറുക്കുകതന്നെയാണ്‌. ക്ഷമയുടെ അവസാനത്തെ പടികളില്‍ ഒരുനാള്‍ അവളുടെ മൊഴികള്‍ ഇടിമിന്നലായി പൊയ്‌തിറങ്ങും…. ആത്മവീര്യത്തിന്റെ വജ്രസൂചികള്‍ അവള്‍ക്ക്‌ ചുറ്റും കാവലാളാവും. അനുവാദമില്ലാതെ അവളെ തൊടാന്‍ എല്ലാ അവന്മാരും ഭയക്കട്ടെ!

Share.

Leave A Reply

Connect with Facebook